ബെയ്ലി പാലം നിർമിക്കുന്നതിനുള്ള സാമഗ്രികൾ ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനത്തിലാണ് എത്തിച്ചിരുന്നത്. പിന്നീട് ട്രക്കുകളിലാണ് അവ ചൂരൽമലയിലെത്തിച്ചത്. കണ്ണൂർ പ്രതിരോധ സുരക്ഷാ സേനാ ക്യാപ്റ്റൻ പുരൻ സിംഗ് നദാവത്തിന്റെ നേതൃത്വത്തിലാണ് ബെയ്ലി പാലത്തിന്റെ നിർമാണം നടന്നത്. മേജർ ജനറൽ വി ടി മാത്യുവാണ് നിർമാണചുമതല വഹിച്ചത്. ബെയ്ലി പാലത്തിലൂടെ സൈനിക ആംബുലൻസും ഹെവി ട്രക്കും മറുകരയെത്തിയിട്ടുണ്ട്. 190 അടി നീളമുള്ള പാലത്തിന് 24 ടൺ ഭാരം വരെ താങ്ങാൻ ശേഷിയുണ്ട്.
മുണ്ടക്കൈ , അട്ടമല ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്നത് ചൂരൽമലയിലെ പാലമായിരുന്നു. ഉരുൾപൊട്ടി ഇരച്ചെത്തിയ പ്രവാഹം പാലത്തെയും തകർത്തു. ആദ്യദിവസം പാലത്തിനപ്പുറമുള്ള പ്രദേശം ഒറ്റപ്പെടുകയായിരുന്നു. ഫയർഫോഴ്സ് കെട്ടിയ സിപ്പ് ലൈനിലൂടെയാണ് രക്ഷാപ്രവർത്തകർക്ക് അപ്പുറത്തേക്ക് എത്താൻ കഴിഞ്ഞത്. തൊട്ടടുത്ത ദിവസം സൈന്യം ഒരു ചെറിയ നടപ്പാലം സജ്ജമാക്കി. രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പ്രവഹിച്ചു. ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് കരം നൽകാനായി . യന്ത്ര സഹായത്തോടെ പൂർണ്ണാർത്ഥത്തിൽ ഉള്ള തിരച്ചിൽ അപ്പോഴും പ്രതിസന്ധിയായി. ബെയിലി പാലമല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. ഇതോടെയാണ് പ്രതികൂല സാഹചര്യത്തിനിടയിലും സൈന്യം ബെയ്ലി പാലം അതിവേഗത്തിൽ സജ്ജമാക്കിയത്.
0 Comments