തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി കാതലായ മാറ്റങ്ങളുമായി സർക്കാർ. അതുപ്രകാരം എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനിമുതൽ ഓൾ പാസ് ഉണ്ടാകില്ല. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പിന്നീട് 10ാം ക്ലാസിലും മിനിമം മാർക്കും നിർബന്ധമാക്കും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജൂണിലെ സംസ്ഥാന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദേശങ്ങളനുസരിച്ചാണ് സർക്കാറിന്റെ തീരുമാനം. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതും ഓള്‍ പാസും മൂലം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് കോൺക്ലേവിൽ വിമർശനമുയർന്നിരുന്നു.ഇത് പരിഹരിക്കാനുള്ള ഭാഗമായാണ് സർക്കാരിന്റെ നടപടി.
തീരുമാനം ഈ വർഷം മുതൽ നടപ്പാക്കും. അതനുസരിച്ച് ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഉണ്ടാവില്ല. 2026-27 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിലും മിനിമം മാർക്ക് നടപ്പാക്കും. പത്താം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് നിർബന്ധമാക്കും. ഇതേ രീതി എട്ടാം ക്ലാസിലും ഒമ്പതിലും നടപ്പാക്കും.
0 Comments