വിട പറഞ്ഞത് ആദർശം മുറുകെ പിടിച്ച വെള്ളി വെളിച്ചം (കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അനുസ്മരണം )
എഴുത്ത്; ബഷീർ ചിത്താരി
പതിനാലാം രാവിലെ ചന്ദ്രന്റെ ചൈതന്യ ശോഭ മങ്ങി മറഞ്ഞത് പോലെ, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ വിയോഗം വരുത്തിയ വാർത്ത കേട്ടപ്പോൾ അങ്ങേയറ്റം വേദനയും ശൂന്യതയും അനുഭവപ്പെട്ടു.
ആ ജീവിത നിർമലത പോലെ പാൽ പുഞ്ചിരിയുമായി എല്ലാവരെയും അഭി മുഖീകരിച്ചിരുന്ന വ്യക്തി. ശാന്ത സുന്ദരമായിരുന്നു ആ ജീവിത യാത്ര. സൗമ്യ പ്രകൃതം അലങ്കാരമായി കൊണ്ട് നടന്ന കുഞ്ഞബ്ദുള്ള ഹാജി സാഹിബ് സഹിഷ്ണുതയുടെ വക്താവായിരുന്നു.
എല്ലാവരോടും സമഭാവനയോടെയുള്ള സൗഹൃദം, മനുഷ്യപ്രകൃതിയിൽ എല്ലാ വേളകളിലും പുഞ്ചിരിയോടെ സമീപിക്കുന്ന രീതി, അതായിരുന്നു കുഞ്ഞബ്ദുള്ള ഹാജിയുടെ ജീവിത ശൈലി.
അല്ലാഹുവോടുള്ള ഭയ ഭക്തിയിലും ദാന ധർമ്മ കാര്യങ്ങളിലും ഉദാത്ത മാതൃകാ വ്യക്തിയായിരുന്നു കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി.
കാരുണ്ണ്യം നിറഞ്ഞ കനിവാർന്ന മനസ്സായതിനാൽ തന്നെ ദാന ശീലത്തിലും പാവപ്പെട്ടവരെ ചേർത്ത് നിൽക്കുന്നതിലും അതീവ തൽപരനായിരുന്നു അദ്ദേഹം .
മുസ്ലിം ലീഗിന്റെ ആദർശം ചെറുപ്പത്തിൽ തന്നെ നെഞ്ചിലേറ്റി പാർട്ടിയെ അങ്ങേയറ്റം സ്നേഹിച്ച ആദർശ ശുദ്ധിയുള്ള കർമ്മ ഭടനെയാണ് നഷ്ടമായിരിക്കുന്നത.
തന്റെ ശാരീരിക പ്രയാസങ്ങൾ വകവെക്കാതെ തന്നെ മത വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം, ചിത്താരിയുടെ കരുത്തും,കർമ്മ ചൈതന്യവും,സ്നേഹ തണലുമാണ് നഷ്ടപ്പെട്ടത്.
ഈ അടുത്ത കാലത്താണ് സ്വന്തം വാർഡായ ഇരുപത്തി രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചത്. സംഘടനാ പാടവം കൈമുതലാക്കിയ കൂളിക്കാടിനോട് വാർഡ് തലത്തിൽ നടക്കുന്ന ഏത് പരിപാടികളും ആശയവിനിമയം നടത്തുകയും അതിന് വേണ്ട എല്ലാ ഉപദേശ നിർദേശങ്ങളും പറഞ് തരുകയും സാമ്പത്തികമായും അദ്ദേഹം സഹായിക്കൽ പതിവായിരുന്നു.
കച്ചവടമാണ് തന്റെ കർമ്മ മണ്ഡലം എന്ന് തിരിച്ചറിഞ്ഞ കുഞ്ഞബ്ദുള്ള ഹാജി ചെറുപ്പത്തിൽ തന്നെ വ്യാപാര രംഗത്ത് എത്തി ചേർന്നു. കച്ചവടം വെറും ലാഭം കൊയ്യാനുള്ള മാർഗ്ഗം എന്ന് ചിന്തിക്കാതെ മാതൃകാ പരമായും സേവനാ പരമായും കച്ചവടത്തെ കണ്ട് കൊണ്ടാണ് ആ രംഗത്ത് അദ്ദേഹം പ്രവർത്തിച്ചത്.
കച്ചവടം തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമായി കണ്ട് കൊണ്ട് തന്നെ ജീവിത സായാഹ്‌നത്തിലും കച്ചവടത്തിൽ മുഴുകിക്കൊണ്ട് തന്നെ ആ ജീവിതം മുന്നോട്ട് കൊണ്ട് പോയി. കോവിഡ് കാലം വരെ തന്റെ കച്ചവട സ്ഥാപനത്തിൽ നിത്യവും പോയി വ്യാപ്രതനായി ആത്മ സംതൃപ്തി നേടി സായുജ്യം അടയുക എന്നതാണ് പതിവ് ശൈലി.
തന്റെ ജീവിത വിശുദ്ധിയിൽ അണുകിട വ്യതിചലിക്കാതെ തന്റെ കർമ്മ മണ്ഡലങ്ങളിൽ മുഴുവൻ സുതാര്യത നിലനിർത്താൻ കൂളിക്കാടിന് സാധിച്ചു.
സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായും, മുസ്ലിം ലീഗിന്റെ വിവിധ പദവികളിലും സമസ്തയിലെ പദവികളിലും സ്തുത്യാർഹമായ സേവനം അനുഷ്ഠിച്ച മഹനീയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ നെടും തൂണും,
മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവും വിവിധ പദവികൾ അലങ്കരിച്ച വ്യക്തിയായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകങ്ങളായ എസ് വൈഎസ് സുന്നീ മഹൽ ഫെഡറേഷൻ തുടങ്ങിയ സംഘടനകളിൽ വിവിധ പദവികൾ അലങ്കരിക്കുകയും എന്നും ഉപദേശ നിർദേശങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
സൗത്ത് ചിത്താരി മഹല്ലിൽ എല്ലാവർക്കും ഒരു മാർഗ്ഗ ദർശിയായും ചിത്താരികാർക്ക് എന്നും ഒരു കാരണാവരായും നില കൊണ്ട സാമൂഹ്യ സേവകനായിരുന്നു കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി സാഹിബ്.
മുസ്ലിം ലീഗിന്റെയും സമസ്തയുടെയും എല്ലാ കീഴ് സംഘടനകളിലും സംസ്ഥാനത്തും ജില്ലയിലും മണ്ഡലത്തിലും പഞ്ചായത്തിലും ഉന്നത പദവികൾ അലങ്കരിക്കുകയും, സംഘ ടനയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുകയും, നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്ത ചുരുക്കം ചില വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു.
വലിപ്പം ചെറുപ്പം നോക്കാതെ എല്ലാവരോടും വളരെ സൗമ്യതയോടെയും സൗഹൃദത്തോടെയും സ്നേഹത്തോടെയും പെരുമാറിയ മഹാമാനുഷി.
ഒരു പുരുഷായുസ് മുഴുവൻ സമൂഹത്തിനും സമുദായത്തിനും വെളിച്ചം പകർന്ന് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച കൂളിക്കാട് , പുതു തലമുറക്ക് ഒരു വഴിക്കാട്ടിയായിരുന്നു. ഒരു നേതാവ് എങ്ങിനെ ആകണം എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം. ആദർശങ്ങൾക്കും നിലപാടുകൾക്കും പ്രാധാന്യം കൽപിക്കുകയും അഹിംസയും സത്യവും നീതിയും ധർമ്മവും കാരുണ്യവും ജീവിതത്തിൽ പകർത്തുകയും ചെയ്ത പ്രകൽഭ നേതാവിനെയാണ് നാടിന് നഷ്ടമായത്.
_ബഷീർ ചിത്താരി
0 Comments