കൊല്ലം ചിതറയിൽ ആഡംബരജീവിതത്തിനം പണം കണ്ടെത്താൻ ബന്ധുവിന്റെയും സുഹൃത്തിന്റെയും വീട്ടിൽ നിന്നായി 17 പവൻ സ്വർണം കവർന്നതിന് ഇൻസ്റ്റഗ്രാം താരം അറസ്റ്റിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. കഴിഞ്ഞ സപ്തംബറിൽ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ മുബീന മോഷ്ടിച്ചിരുന്നു. എന്നാൽ മോഷണവിവരം മുനീറ അറിയുന്നത് ഈ മാസം പത്തിനായിരുന്നു.
തുടർന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സപ്തംബർ 30ന് രാവിലെ പത്തോടെ മുബീന വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബർ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇതോടെ ഒക്ടോബർ 12ന് മുനീറ ചിതറ പോലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങളടക്കം കൈമാറുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. മുബീനയെ സംശയിക്കുന്നതായി ആ പരാതിയിലും ചൂണ്ടിക്കാണിച്ചിരുന്നു. ഈ കേസിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരു പരാതി കൂടി പോലീസിൽ ലഭിക്കുന്നതും.
മുബീനയുടെ ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇയാൾ അടുത്തിടെ വിദേശത്ത് ജോലിക്കു പോയിരുന്നു. എന്നാൽ കുറഞ്ഞ വരുമാനമുള്ള കുടുംബമാണെങ്കിലും മുബീന ആഡംബര ജീവിതമാണ് നിയിക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു മുബീന ഉപയോഗിച്ചിരുന്നത്. ഇതോടെ പോലീസ് മുബീനയെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവർ കുറ്റം സമ്മതിച്ചില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങളും ആഡംബരജീവിതവും അടക്കമുള്ള വസ്തുതകൾ കാണിച്ച് പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ രണ്ട് മോഷണവും താനാണ് നടത്തിയതെന്ന് ഇവർ വെളിപ്പെടുത്തി. മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും, ആദ്യ ഘട്ടത്തിൽ മോഷണം നടത്തിയെന്ന് താനാണെന്ന് സമ്മതിച്ചില്ല.
മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും ഇവർ വിറ്റിരുന്നു. കുറച്ചുസ്വർണവും സ്വർണം വിറ്റ വകയിൽ കിട്ടിയ കുറച്ചു പണവും മുബീനയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
0 Comments