കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന സുവർണ്ണ ജൂബിലി ഉദ്ഘാടന മഹാ സമ്മേളനത്തിനും ആസ്ഥാന മന്ദിര പുനർനിർമ്മാണ ശിലാസ്ഥാപന കർമ്മത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അമ്പതാണ്ടുകൾക്ക് മുമ്പ് കാഞ്ഞങ്ങാട്ടേയും പരിസരപ്രദേശങ്ങളിലേയും മുസ്‌ലിം മഹല്ലുകളെ ഏകീകരിക്കുന്നതിനും അവക്ക് ശാസ്ത്രീയമായ ഒരു ഐക്യ രൂപം ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടി സ്ഥാപിക്കപ്പെട്ട സംയുക്ത മുസ്‌ലിം ജമാഅത്ത്, സുകൃതങ്ങൾ പെയ്തിറങ്ങിയ അരനൂറ്റാണ്ടിന്റെ പ്രൗഢമായ പാരമ്പര്യം നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടാണ് സുവർണ്ണ ജൂബിലി ആഘോഷിക്കുന്നത്. ഈ കാലയളവിനിടയിൽ മുസ്‌ലിം സമൂഹത്തിൻറെ ഒരു ഐക്യ പ്രസ്ഥാനമായും സാമൂഹിക സൗഹൃദത്തിനു വേണ്ടിയുള്ള മികച്ച സംവിധാനമായും മുന്നോട്ടുപോകാൻ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തികളും മഹല്ലുകളും തമ്മിലുള്ള പ്രശ്നങ്ങളും ദാമ്പത്യ തർക്കങ്ങളും അതുപോലെ, അനന്തരാവകാശ വിഭജനം സംബന്ധിച്ച് ഉണ്ടാകുന്ന തർക്കങ്ങളും ഇടപെട്ട് പരിഹരിക്കാൻ സ്ഥിരം സംവിധാനം ഉണ്ട് എന്നതും അത്തരമൊരു സംവിധാനത്തിലൂടെ മൂവായിരത്തിൽപരം പരാതികൾക്ക് ഇതിനകം തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞു എന്നതും അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ സംയുക്ത ജമാഅത്തായ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത്, ഇപ്പോൾ നിലവിലുള്ള മറ്റു സംയുക്ത ജമാഅത്തുകൾക്കെല്ലാം മാതൃകയാകുന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായിട്ടുള്ള സംവിധാനമാണ്. കെ കെ മുഹമ്മദ് അബ്ദുൽ കരീം അദ്ദേഹത്തിൻറെ കേരള മുസ്ലിം ഡയറക്ടറിയിൽ പ്രതിപാദിച്ചിട്ടുള്ള ഏക സംയുക്ത ജമാഅത്ത് സംവിധാനമാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് എന്ന് നേതാക്കൾ അനുസ്മരിച്ചു.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഉണ്ടായിട്ടുള്ള നിരവധി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനും സമൂഹത്തെ പൊതുവിലും സമുദായത്തെ പ്രത്യേകിച്ചും ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങളിൽ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് സമൂഹത്തിന് കൃത്യമായ മാർഗ്ഗദർശനം നൽകുന്നതിനും സംയുക്ത ജമാഅത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 50 വർഷക്കാലയ ളവിനുള്ളിൽ നിരവധി ശ്രദ്ധേയമായ സമ്മേളനങ്ങളും പരിപാടികളും ചർച്ചകളും സൗഹൃദ സംഗമങ്ങളും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ചിട്ടുണ്ട്. പത്തു വർഷങ്ങൾക്കു മുമ്പ് 2015 ജനുവരിയിൽ നടത്തിയ 40-ാം വാർഷിക സമ്മേളനം, കാഞ്ഞങ്ങാട് കണ്ട ഏറ്റവും വലിയ മതകീയ സംഗമായി മാറിയെന്ന് അന്ന് വർത്താമാധ്യമങ്ങളൊക്കെ അഭിപ്രായപ്പെട്ടതാണ്.
2010 മുതൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങൾ സ്മാരക മംഗല്യനിധി, അംഗ മഹല്ലുകളിൽ നിന്നും ഓരോ വർഷവും നിർദ്ദേശിക്കപ്പെടുന്ന ഓരോ പെൺകുട്ടികളുടെ വിവാഹത്തിനും ഒരു ലക്ഷം രൂപ വീതം നൽകുന്ന സഹായ പദ്ധതിയാണ്.ഈ പദ്ധതി പ്രകാരം ഇതിനകം 450ലേറെ കുട്ടികൾക്ക് നാലരക്കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് 40-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ആവിഷ്കരിച്ച ഭൂദാന പദ്ധതിയിൽ ഏതാണ്ട് അറുപതോളം കുടുംബങ്ങൾക്ക് 5 സെൻറ് ഭൂമിയും പതിച്ച് നൽകിയിട്ടുണ്ട്.
നാളെ വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് മെട്രോ മുഹമ്മദ് ഹാജി നഗറിൽ വെച്ച് നടക്കുന്ന സുവർണ്ണ ജൂബിലി ഉദ്ഘാടന സമ്മേളനം പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആസ്ഥാന മന്ദിര പുനർനിർമ്മാണ ശിലാ സ്ഥാപന കർമ്മം നിർവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഹാരിസ് ബീരാൻ എംപി, ഇ ചന്ദ്രശേഖരൻ എംഎൽഎ, എൻ എ നെല്ലിക്കുന്ന് എംഎൽഎ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ശുഐബുൽ ഹൈതമി, പി എ ഉബൈദുള്ളാഹി നദ്‌വി, യു കെ മിർസാഹിദ് അൽ ബുഖാരി, ബിൽടെക് അബ്ദുല്ല, കല്ലട്ര മാഹിൻ ഹാജി, കെ എം ഷംസുദ്ദീൻ, കെ ഇ എ ബക്കർ തുടങ്ങിയവർ സംബന്ധിക്കും.
ആസ്ഥാന മന്ദിരം വരുന്ന റമദാൻ കഴിയുന്നതിനകം പൂർത്തിയാക്കാനും, റമദാനിനു ശേഷം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ സെഷനുകൾ ഉൾപെടുത്തിയുള്ള ഐതിഹാസികമായ സുവർണ്ണ ജൂബിലി സമാപന മഹാ സമ്മേളന പരിപാടികൾ ആവിഷ്കരിക്കാനാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആലോചിക്കുന്നത്. ഈ പരിപാടികൾക്കിടയിൽ തന്നെ, നാല് മേഖലകളാക്കി തിരിച്ചു കൊണ്ട് മേഖല സമ്മേളനങ്ങളും അതുപോലെ പ്രചാരണ വാഹന ജാഥകളും ഉൾപ്പെടെയുള്ള പരിപാടികളും കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. ആസ്ഥാന മന്ദിര നിർമ്മാണത്തോടൊപ്പം തന്നെ, കമ്മിറ്റിക്ക് സ്ഥിര വരുമാനമുണ്ടാക്കാനുള്ള പദ്ധതികളെക്കുറിച്ചും കമ്മിറ്റി ആലോചിക്കുന്നു. ഈ പദ്ധതികൾ നടപ്പിലാക്കാനായി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് രണ്ടുകോടി രൂപ സമാഹരിക്കാൻ കമ്മിറ്റി ആഗ്രഹിക്കുന്നു.
സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, ബഷീർ വെള്ളിക്കോത്ത്, എം കെ അബൂബക്കർ ഹാജി, മുബാറക് ഹാസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ ഹാജി, കെ ബി കുട്ടി ഹാജി, പി കെ അബ്ദുല്ലക്കുഞ്ഞി, ശരീഫ് എഞ്ചിനീയർ, റഷീദ് തോയമ്മൽ, കെ കെ അബ്ദുറഹ്മാൻ പാണത്തൂർ, താജ്ജുദ്ദീൻ കമ്മാടം, അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments