റിയാദ്: മോചനം കാത്ത് റിയാദിലെ അൽ ഇസ്ക്കാൻ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും സഊദിയിലെത്തി. ഒക്ടോബർ 30ന് സൗദിയിലെത്തി അബഹയിൽ താമസിച്ചിരുന്ന ഇരുവർക്കും ഇന്നാണ് ജയിൽ സന്ദർശിക്കാൻ അനുമതി ലഭിച്ചത്. എന്നാൽ, ഉമ്മയ്ക്ക് മാത്രമാണ് അബ്ദുൽ റഹീമിനെ നേരിട്ട് കാണാൻ അവസരം നൽകിയത് എന്നാണ് വിവരം.
വധശിക്ഷ റദ്ദാക്കപ്പെട്ട അബ്ദുൽ റഹീമിന്റെ മോചന ഹരജി നവംബർ 17ന് വീണ്ടും പരിഗണിക്കും. നേരത്തെ നവംബർ 21ന് നിശ്ചയിച്ചിരുന്ന കേസ്, റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷ പ്രകാരമാണ് മൂന്നു ദിവസം നേരത്തെയാക്കിയത്.
സഊദി പൗരന്‍ അനസ് അല്‍ ഷഹ്റി കൊല്ലപ്പെട്ട കേസിലാണ് അബ്ദുല്‍ റഹീം ജയിലിലായത്. 18 വർഷം നീണ്ട ജയിൽ വാസത്തിന് ഒടുവിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടതോടെ മലയാളികൾ കൈകോർക്കുകയായിരുന്നു. ദിയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത് പ്രതീക്ഷക്ക് വക നൽകി. ഇതോടെ നാടൊന്നാകെ കൈകോർത്ത് 33 കോടി രൂപ കണ്ടെത്തുകയായിരന്നു.
ഈ തുക കോടതിയിൽ കെട്ടിവെച്ചതോടെ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. എങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ മോചനം സാധ്യമായിട്ടില്ല.
0 Comments