ഉപ്പളയില്‍ നിര്‍മ്മിക്കുന്ന മേല്‍പാലത്തിന്റെ നീളം വര്‍ധിപ്പിക്കണം; എ.കെ.എം അഷറഫ് എം.എല്‍.എ

ഉപ്പളയില്‍ നിര്‍മ്മിക്കുന്ന മേല്‍പാലത്തിന്റെ നീളം വര്‍ധിപ്പിക്കണം; എ.കെ.എം അഷറഫ് എം.എല്‍.എ



കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയില്‍ നിര്‍മ്മിക്കുന്ന മേല്‍പാലത്തിന്റെ നീളം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എ.കെ.എം അഷറഫ് എം.എല്‍.എ പറഞ്ഞു. ദേശീയപാതയില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ അഞ്ച് മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ അഴിച്ചുമാറ്റിയത് പുന: സ്ഥാപിച്ചിട്ടില്ല. കുമ്പളയില്‍ 19 മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ അഴിച്ചുമാറ്റിയിരുന്നു. ഇതില്‍ ഒന്‍പത് എണ്ണം പുന:സ്ഥാപിച്ചു. നിലവില്‍ ദേശീയപാത നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി അഴിച്ചുമാറ്റിയ മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുന:സ്ഥാപിക്കുന്നതെന്നും പുന:സ്ഥാപിക്കാന്‍ ആവശ്യമായ ഗതാഗത സൗകര്യവും ഉപകരണങ്ങളും മാത്രമേ നല്‍കുവാന്‍ സാധിക്കുകയുള്ളൂവെന്ന് യു.എല്‍.സി.സി.എല്‍ ലിമിറ്റഡ് പ്രതിനിധി അറിയിച്ചു.


സുനാമി ഫണ്ട് ഉപയോഗിച്ച് കോയിപ്പാടി കടപ്പുറത്ത് നിര്‍മ്മിച്ച ഇരുനില കെട്ടിടം ഉപയോഗ യോഗ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജനുവരി ആദ്യ വാരം യോഗം ചേരുമെന്ന് ഡി.എം.ഒ ആരോഗ്യം അറിയിച്ചു. മുളിഞ്ച ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിലവിലെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തി കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


മഞ്ചേശ്വരം താലൂക്കില്‍ ആകെ ലഭിച്ച 603 എല്‍.എ അപേക്ഷകളില്‍ 523 അപേക്ഷകള്‍ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും 198 എണ്ണം എല്‍.എ കമ്മറ്റി പാസ്സാക്കിയിട്ടുണ്ടെന്നും 325 എണ്ണം എല്‍.എ കമ്മറ്റി പാസ്സാക്കാന്‍ ബാക്കിയുണ്ടെന്നും 80 എണ്ണം വില്ലേജുകളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കാന്‍ ബാക്കിയുണ്ടെന്നും മഞ്ചേശ്വരം താഹ്‌സില്‍ദാര്‍ അറിയിച്ചു. നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് സി.ആര്‍.സെഡ് ഇളവ് നല്‍കിയപ്പോള്‍ മഞ്ചേശ്വരം താലൂക്കിലെ നഗരസ്വഭാവമുള്ള മംഗല്‍പാടി, മഞ്ചേശ്വരം, പഞ്ചായത്തുകളെ പരിഗണിക്കാത്തതില്‍ ഇളവ് അനുവദിക്കാന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.



ദേശീയപാതയില്‍ ഷിറിയ സ്‌കൂളിന് ഓവര്‍ ഹെഡ് വാക്ക് വേ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഗോത്രകലാഗ്രാമം സ്ഥാപിക്കുന്നതിന് ഉടന്‍ സ്ഥലം അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പുല്ലൂര്‍ വില്ലേജിലെ 50 സെന്റ് ഭൂമി ഗോത്രകലാഗ്രാമം സ്ഥാപിക്കുന്നതിന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കൈമാറാനുള്ള അപേക്ഷയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാര്‍ അറിയിച്ചു. കുണിയയില്‍ സ്വകാര്യ കോളേജ് നിര്‍മ്മാണത്തിന്റെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി കൊടുക്കണമെന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ ജില്ലയില്‍ എത്തുന്നത് വികസനത്തിന് വേഗം കൂട്ടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാതല കേരളോത്സത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ കൃത്യസമയത്ത് മത്സരാര്‍ത്ഥികളുടെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാത്തത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍.എസ്.ജി.ഡി ജെ.ഡിയോട് റിപ്പോര്‍ട്ട് തേടി.



കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി.അഖില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സബ് കളക്ടര്‍ പ്രതീക് ജെയിന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments