സംസ്ഥാനത്ത് 88 സ്കൂൾ അധ്യാപകർ പോക്സോ കേസ് പ്രതികൾ,13 അനധ്യാപകർക്കെതിരെയും കേസ്; അച്ചടക്ക നടപടി കടുപ്പിക്കാൻ സർക്കാർ

സംസ്ഥാനത്ത് 88 സ്കൂൾ അധ്യാപകർ പോക്സോ കേസ് പ്രതികൾ,13 അനധ്യാപകർക്കെതിരെയും കേസ്; അച്ചടക്ക നടപടി കടുപ്പിക്കാൻ സർക്കാർ



തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ അച്ചടക്ക നടപടി കർശനമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇതിനകം അച്ചടക്ക നടപടികൾ സ്വീകരിച്ച കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളിൽ പുതുതായി തുടങ്ങുന്നതിനുമാണ് സർക്കാർ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ സ്കൂളുകളിൽ 101 പേരാണ് പോക്സോ കേസുകളിൽ പ്രതികളായത്. ഇതിൽ 88 പേർ അധ്യാപകരും 13 പേർ അനധ്യാപകരുമാണ്.

പോക്‌സോ കേസുകളിൽ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടർ നടപടിയും എടുക്കാത്ത കേസുകളിൽ കർശനമായ നടപടി സ്വീകരിക്കും. സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയൽ, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ നിലവിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. ഈ കേസുകളിൽ വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ പോക്‌സോ കേസുകളിൽ ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി. ഒമ്പത് പേരെ സർവിസിൽ നിന്നും പിരിച്ചുവിട്ടു. ഒരാളെ സർവിസിൽ നീക്കം ചെയ്തു. 45 ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിച്ചു. ബാക്കി കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചുവരുന്നു.

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പോക്‌സോ പ്രകാരം മൂന്നുകേസുകൾ രജിസ്റ്റർ ചെയ്ത് അച്ചടക്ക നടപടികൾ തുടർന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാർക്കും (2 അദ്ധ്യാപകരും, 1 ലബോറട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റും) എതിരെ ഉണ്ടായ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായോ, ഭാഗികമായോ ശരിയാണെങ്കിൽ ദുരനുഭവം നേരിട്ട കുട്ടികളുടെ മാനസിക വേദന അതിരറ്റതാണെന്നും ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സ്‌കൂളിൽ വരാനും, നിയമ നടപടികളുമായി സഹകരിക്കാൻ സാധിക്കുന്നതിനും, സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായി ഈ ജീവനക്കാർക്ക് വേല വിലക്ക് ഏർപ്പെടുത്തി അച്ചടക്ക നടപടി തുടർന്ന് വരുന്നു. മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Post a Comment

0 Comments