24 വർഷം മുമ്പ് ബോംബേറില്‍ ഒരു കാൽ നഷ്ടമായ കണ്ണൂരിലെ ഡോക്ടർ അസ്ന വിവാഹിതയായി

24 വർഷം മുമ്പ് ബോംബേറില്‍ ഒരു കാൽ നഷ്ടമായ കണ്ണൂരിലെ ഡോക്ടർ അസ്ന വിവാഹിതയായി




കണ്ണൂരിലെ രാഷ്ട്രീയ അക്രമത്തിനിടെ 24 വർഷം മുൻപ് ബോംബേറിൽ കാൽനഷ്ടമായ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് ഡോ.അസ്ന വിവാഹിതയായി. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി‌ കെ നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ.ഇന്ന് രാവിലെയായിരുന്നു വിവാഹം.
തദ്ദേശ തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ 2000 സെപ്റ്റംബർ 27ന് ബോംബേറിലാണ് അന്ന് 6 വയസ്സുകാരിയായിരുന്ന അസ്നയ്ക്കു കാൽ നഷ്ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരിക്കേറ്റു.
ബോംബേറിൽ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാൽ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കാതെ നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. പഠനത്തിൽ മികച്ച വിജയം നേടിയ അസ്ന 2013 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ്എസിന് ചേർന്ന് ഡോക്ടറായി. നിലവിൽ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്‌ന.

Post a Comment

0 Comments