കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവായ 48കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക സ്വദേശിയും കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ആളാണ് അറസ്റ്റിലായത്. ഭാര്യക്കും അഞ്ചു മക്കള്‍ക്കും ഒപ്പമാണ് പ്രതി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. ഇതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായത്. പീഡനകാര്യമോ പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യമോ മാതാവോ സ്‌കൂളിലെ അധ്യാപികമാരോ അറിഞ്ഞിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വീട്ടില്‍ വച്ച് പ്രസവിച്ചപ്പോഴാണ് പീഡനത്തിനു ഇരയായ കാര്യം പുറത്തറിഞ്ഞത്. പ്രസവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം ഉണ്ടായതോടെ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്നു മൊഴി രേഖപ്പെടുത്തുകയും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പീഡനത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമാക്കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. തുടര്‍ന്ന് നവജാത ശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്താനായിരുന്നു പൊലീസിന്റെ തീരുമാനം. ഇതു സംബന്ധിച്ച നടപടികള്‍ തുടരുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ ഗര്‍ഭത്തിനു പിന്നില്‍ സ്വന്തം പിതാവാണെന്നു വ്യക്തമായത്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പിതാവിനെയും ഡിഎന്‍എ പരിശോധനയ്ക്കു വിധേയനാക്കാനാണ് പൊലീസിന്റെ നീക്കം.
0 Comments