കോപ്പിയടി പിടിച്ചതിന് വ്യാജ ബലാത്സംഗ പരാതി; 11 വര്‍ഷത്തിനുശേഷം അധ്യാപകന് നീതി; ഗൂഢാലോചന സിപിഎം ഓഫീസില്‍

കോപ്പിയടി പിടിച്ചതിന് വ്യാജ ബലാത്സംഗ പരാതി; 11 വര്‍ഷത്തിനുശേഷം അധ്യാപകന് നീതി; ഗൂഢാലോചന സിപിഎം ഓഫീസില്‍




തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയതോടെ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന് 11 വര്‍ഷത്തിനുശേഷം നീതി. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ അധ്യാപകന്‍ ആനന്ദ് വിശ്വനാഥനെതിരെ 2014 ല്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തീര്‍പ്പാക്കിയത്. ലൈംഗിക പരാതി നല്‍കിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി.

2014ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ അഞ്ചിനുമിടയില്‍ കോളേജില്‍ നടന്ന എം.എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടി. സംഭവം സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പരീക്ഷ നിരീക്ഷകനെ ചുമതലപ്പെടുത്തുകയുംചെയ്തു. എന്നാല്‍, പരീക്ഷ നിരീക്ഷകന്‍ നിര്‍ദേശം അനുസരിച്ചില്ല. പ്രൊഫസര്‍ പരീക്ഷാഹാളില്‍ വെച്ച് തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസില്‍ കുടുക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഒരു പറ്റം വിദ്യാര്‍ഥികള്‍ പരാതി നല്‍കുകയാണുണ്ടായത്. വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, ലൈംഗീക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നാല് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. രണ്ടുകേസില്‍ ആനന്ദ് വിശ്വനാഥനെ കോടതി വെറുതെവിട്ടു. മറ്റ് രണ്ടു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചു. വിധിക്കെതിരെ ആനന്ദ് വിശ്വനാഥന്‍ 2021ല്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിലാണ് ഇപ്പോള്‍ കുറ്റവിമുക്തനാക്കിയത്.

ആനന്ദിനെ കുടുക്കാന്‍ അധ്യാപകരുള്‍പ്പെടെയുള്ള കോളജ് അധികൃതരും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നതായാണ് ആരോപണം. വിദ്യാര്‍ഥിനികള്‍ പരാതി തയാറാക്കിയതു മൂന്നാറിലെ സിപിഎം ഓഫിസില്‍ വച്ചാണെന്നും തെളിഞ്ഞു.

Post a Comment

0 Comments