കാഞ്ഞങ്ങാട്: ഫലസ്തീനിൽ കുഞ്ഞുമക്കൾ പിടഞ്ഞുമരിക്കുമ്പോഴും വിശന്നുകരയുമ്പോഴും ഈ വിദ്യാരംഭദിനത്തിൽ ആ പിതാവ് തന്റെ പൊന്നുമോളുടെ നാവിൻതുമ്പിൽ മറ്റെന്താണ് കുറിക്കുക. പ്രിയേഷ് മകളുടെ നാവിൻതുമ്പിലും അരിമണികളിലും ആദ്യക്ഷരം കുറിച്ചതിങ്ങനെ -‘ഗസ്സ’. കാഞ്ഞങ്ങാട് ആവിക്കരയിലെ പ്രിയേഷാണ് രണ്ടു വയസ്സുകാരി നിള ലക്ഷ്മിക്ക് ‘ഗസ്സ’ എന്ന് ആദ്യക്ഷരം കുറിച്ചത്. മാതാവ് രേഷ്മയും മൂത്തമകൾ വൈഗ ലക്ഷ്മിയും ഈ അപൂർവ എഴുത്തിനിരുത്തിന് സാക്ഷിയായി. രാവിലെ വീട്ടിലായിരുന്നു ചടങ്ങ് നടത്തിയത്. ‘‘ഫലസ്തീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുക’’ -കുഞ്ഞുകൈകൊണ്ട് നിള ലക്ഷ്മി വീണ്ടും കുറിച്ചു.
കുഞ്ഞുങ്ങൾ പട്ടിണികിടന്നും ബോംബുപൊട്ടിയും കൊല്ലപ്പെടുമ്പോൾ, അവളുടെ കുഞ്ഞുകൈകൊണ്ട് മറ്റൊന്നും എഴുതിക്കാൻ തനിക്കാവുമായിരുന്നില്ലെന്ന് പ്രിയേഷ് പറഞ്ഞു. അക്ഷരമെന്നത് സമരത്തിന്റെ മറ്റൊരു മുഖമാണ്. ഈ രണ്ടാം വയസ്സിൽ മകൾക്ക് അനീതിക്കെതിരെ ഒരു സമരമായി മാറാൻ കഴിയട്ടെ. വളർന്നു വലുതാകുമ്പോൾ അവളുടെ ആദ്യക്ഷരത്തെ കുറിച്ച് അഭിമാനിക്കട്ടെ, വാനോളം- ആ പിതാവ് പറഞ്ഞു. പ്രിയേഷ് ആവിക്കര സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ക്ലബ് പ്രവർത്തകനും ചാരിറ്റി, സാമൂഹിക പ്രവർത്തകനുമാണ്.

 
 
 
 
 
 
 
 
 
 
 
 
 
0 Comments