ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വര്‍ഗീയ പരാമര്‍ശം നടത്തിയ നടന്‍ ജയകൃഷ്ണന്‍ കേസെടുത്തതിന് പിന്നാലെ മാപ്പ് പറഞ്ഞു. ഓണ്‍ലൈനായി ടാക്‌സി ബുക്ക് ചെയ്ത ശേഷം ഡ്രൈവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു മുസ്ലിം വിരുദ്ധ പരാമര്‍ശം.
ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ ജയകൃഷ്ണനെതിരെ മംഗളുരു ഉര്‍വ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് സ്റ്റേഷനില്‍ വച്ച് പരാതിക്കാരനോട് ജയകൃഷ്ണന്‍ മാപ്പു ചോദിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ജയകൃഷ്ണനും സുഹൃത്തുക്കളും മംഗളുരു ബെജായ് ന്യൂ റോഡില്‍ നിന്ന് യാത്രക്കായി ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. പിക്ക് അപ്പ് പോയിന്റ് ഉറപ്പിക്കാനായി ടാക്‌സി ഡ്രൈവര്‍ അഹമ്മദ് ഷക്കീര്‍ ആപ്പ് വഴി വിളിച്ചപ്പോള്‍ സംഭാഷണം അവസാനിക്കുന്നതിന് മുന്‍പായി മുസ്ലിം തീവ്രവാദിയാണ് ഡ്രൈവറെന്ന് കൂടെ ഉണ്ടായിരുന്നവരോട് പറയുകയായിരുന്നു. ഇതു കേട്ട ഡ്രൈവര്‍ ചോദ്യം ചെയ്തപ്പോള്‍ മലയാളത്തില്‍ ഡ്രൈവറുടെ അമ്മയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തുകയായിരുന്നു.
ഡ്രൈവറെ കഷ്ടപ്പെടുത്തുന്നതിന് പല തവണ പിക്ക് അപ്പ് ലൊക്കേഷന്‍ മാറ്റിപ്പറഞ്ഞതായും റിപോര്‍ട്ടുണ്ട്.
സംസാരത്തിനിടെ ജയകൃഷ്ണന്‍ വര്‍ഗീയ പരാമര്‍ശം നടത്തി ആക്രോശിച്ചതായാണ് ഡ്രൈവറുടെ പരാതി. മലയാളത്തില്‍ അധിക്ഷേപകരമായി സംസാരിച്ചുവെന്നും ചോദ്യം ചെയ്തപ്പോള്‍ വീണ്ടും അധിക്ഷേപിച്ചെന്നും ഡ്രൈവര്‍ പരാതിപ്പെട്ടു. ജയകൃഷ്ണന്‍, സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരെയാണ് മംഗളുരു ഉര്‍വ പൊലീസാണ് കേസെടുത്തത്. ജയകൃഷ്ണനും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപോര്‍ട്ട്.
പ്രകോപനം ഉണ്ടാക്കല്‍, വിദ്വേഷ പരാമര്‍ശം വഴി പൊതു സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
0 Comments