ഡിസിസി ഓഫീസിലെ തമ്മില്‍തല്ല്: ദൃശ്യം പകര്‍ത്തിയ ബ്ലോക്ക് സെക്രട്ടറി പുറത്ത്

ഡിസിസി ഓഫീസിലെ തമ്മില്‍തല്ല്: ദൃശ്യം പകര്‍ത്തിയ ബ്ലോക്ക് സെക്രട്ടറി പുറത്ത്




കാസര്‍കോട്: വിദ്യാനഗര്‍ ഡിസിസി ഓഫീസിലെ തമ്മില്‍ത്തല്ല് ഫോണില്‍ പകര്‍ത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി. മര്‍ദ്ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ്വാന്‍ കുന്നിലിനെ സസ്പെന്‍ഡ് ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തര്‍ക്കത്തെതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡിസിസി ഓഫീസില്‍ ഏറ്റുമുട്ടിയത്. ഡിസിസി വൈസ് പ്രസിഡന്‍റ് ജയിംസ് പന്തമാക്കനും കര്‍ഷക സംഘടനയുടെ ജില്ലാ പ്രസിഡന്‍റ് വാസുദേവനുമാണ് പരസ്പരം ഏറ്റുമുട്ടിയത്. അടിപിടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി യോഗങ്ങളിലുമായി തുടര്‍ന്ന തര്‍ക്കം ഒടുവില്‍ ഡിസിസി ഓഫീസില്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ജയിംസ് നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു. ഈ സംഘടനയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം അടക്കം ഏഴുപേര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനം ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ നല്‍കി. അന്ന് തന്നോടൊപ്പം വന്ന ഏഴ് പേര്‍ക്കും സീറ്റ് വേണമെന്ന ആവശ്യമാണ് ജയിംസ് പന്തമാക്കന്‍ ഉന്നയിച്ചത്. ഇതിനെ ഡിസിസി ഭാരവാഹികള്‍ എതിര്‍ത്തു. ചര്‍ച്ചയില്‍ 5 സീറ്റ് നല്‍കാന്‍ ധാരണയായി. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഡിസിസി പ്രസിഡന്‍റ് പി.കെ.ഫൈസലിനെതിരെ ജയിംസും ഒപ്പമുള്ളവരും വിമര്‍ശനം ഉന്നയിച്ചതോടെ നല്‍കുന്ന സീറ്റ് രണ്ടാക്കി ചുരുക്കാന്‍ ഡിസിസി നേതൃത്വം തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ ഡിസിസി ഓഫീസില്‍ നടന്ന വാക്കേറ്റവും തര്‍ക്കങ്ങളുമാണ് അടിയില്‍ കലാശിച്ചത്. തുടര്‍ന്ന് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്‍റ് എം.ലിജു പറഞ്ഞിരുന്നു. ലിജുവിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കള്‍ ഏറ്റുമുട്ടിയത്.

Post a Comment

0 Comments