പി.പി. നസീമ ടീച്ചർ — കാലം കൊണ്ടുപോയെങ്കിലും ഹൃദയം വിട്ടിട്ടില്ലാത്ത മുഖം (എഴുത്ത്: ബഷീർ ചിത്താരി)

പി.പി. നസീമ ടീച്ചർ — കാലം കൊണ്ടുപോയെങ്കിലും ഹൃദയം വിട്ടിട്ടില്ലാത്ത മുഖം (എഴുത്ത്: ബഷീർ ചിത്താരി)




വനിതാ ലീഗിനെ കാസർഗോഡ് ജില്ലയിൽ പടുത്തുയർത്തുന്നതിൽ ത്യാഗോജ്വല പ്രവർത്തനം നടത്തിയ വനിതാ ലീഗിന്റെ പ്രഗത്ഭ നേതാവും സംസ്ഥാന ട്രഷററും അജാനൂരിന്റെ അഭിമാനവുമായിരുന്ന പി.പി.നസീമ ടീച്ചർ നമ്മോട് വിടപറഞ്ഞിട്ട് ഇന്നേക്ക് നവംബർ 28 ഒരുവർഷം തികയുകയാണ്.

അജാനൂർ പഞ്ചായത്തിന്റെ അഭിമാനമായ വനിതാ ലീഗ് നേതാവ് നസീമ ടീച്ചർ വിട പറഞ്ഞിട്ട് ഒരു വർഷം തികയുമ്പോൾ അജാനൂർ പഞ്ചായത്തിനും മുസ്ലിം ലീഗിനും ഒരിക്കലും മറക്കാൻ സാധിക്കാത്ത പ്രകാശ ഗോപുരമായി അവർ നിത്യവും നില കൊള്ളുന്നു. തദ്ദേശ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയിൽ യാദർശ്ചികമായി അജാനൂർ  മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ ടീച്ചറുടെ ദീപ്തമായ സ്മരണകൾ ഉയർന്നു വരുന്നത് സ്വാഭാവികം.

പൊതു സേവന രംഗത്ത് അതിശയകരമായ സേവന പ്രവർത്തനം കാഴ്ച വെച്ച് കടന്ന് പോയ പ്രിയ അധ്യാപക നസീമ ടീച്ചർക്കുള്ള സ്നേഹാദരം എന്നുമെന്നും നില നിൽക്കും.

വേദനാ ജനകമായ അന്ത്യം വരെ അവർ കർമ്മ നിരതായായിരുന്നു.

മുസ്ലിം സ്ത്രീകൾ അകത്തളങ്ങളിൽ തളച്ചിരുന്ന ഒരു കാലഘട്ടത്തിൽ ധൈര്യപൂർവ്വം പൊതു സേവന രംഗത്ത് വന്ന ധീര വനിതയായിരുന്നു നസീമ ടീച്ചർ.

അധ്യാപന രംഗത്തും അവർ മാതൃകപരമായ ഒരു ടീച്ചർ ആയിരുന്നു.

 പൊതു സേവനം ജാതി മത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഉൾക്കൊണ്ട്‌ കൊണ്ടുള്ള വിശാലമായ സേവന ശൈലി ആയിരുന്നു അവരുടേത്. ടീച്ചർ എന്നതിൽ ഉപരിയായി സാമൂഹ്യ സേവനം ചെയ്യാൻ തുടിക്കുന്ന ആ ഹൃദയം മുസ്ലിം വനിതാ ലീഗിലൂടെ തന്റെ കർത്തവ്യം നിറവേറ്റി എന്ന് പറയാം.

വാസ്തവത്തിൽ ടീച്ചറുടെ കുടുംബം പൊതു സേവനത്തിനു പ്രോത്സാഹനം ചെയ്യുന്ന ഒരു കുടുംബം ആയതിനാൽ കർമ്മ രംഗത്തിലേക്കുള്ള മാർഗം എളുപ്പമായി.

ടീച്ചറുടെ ജീവിതം ഒരു തുറന്ന പുസ്തകം ആയതിനാൽ തന്നെ ആർക്കും കൂടുതൽ വിവരിച്ചു കൊടുക്കേണ്ടതില്ല.

ഉന്നത മൂല്യങ്ങൾ ഉയർത്തി പിടിച്ചു ഓരോ വീട്ടിലെയും ഒരു അംഗത്തെ പോലെ നമ്മുടെ ഇടയിൽ പുഞ്ചിരിച്ചു കൊണ്ട് മിന്നൽ പിണർ പോലെയായിരുന്നു മറഞ്ഞു പോയത്. 

 സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് വേണ്ടി പാവപ്പെട്ടവർക്ക് വേണ്ടി സ്ത്രീ സമൂഹത്തിന് വേണ്ടി രാവും പകലും ഒഴിഞ്ഞു വെച്ച ഒരു പുണ്ണ്യം നിറഞ്ഞ ജീവിതമായിരുന്നു നസീമ ടീച്ചരുടേത്.

നമ്മുടെയിടയിൽ നിറ പുഞ്ചിരിയോടെ സാമൂഹ്യ സേവനം ചെയ്തു മുസ്ലിം ലീഗിന്റെ വനിതാ നേതാവായി വളർന്നു വന്ന ടീച്ചർ അകാലത്തിൽ വിട പറയുമ്പോൾ മുസ്ലിം ലീഗിനും വനിതാ ലീഗിനും സമൂഹത്തിനും സർവോപരി ആ മഹൽ കുടുംബത്തിനും ഉണ്ടായ നഷ്ടം കാലം എത്ര കഴിഞ്ഞാലും മറക്കാൻ കഴിയുന്നതല്ല തന്നെ. ജ്വലിക്കുന്ന ഓർമ്മകളായി ടീച്ചർ ജന മനസ്സുകളിൽ എന്നും പരിലസിച്ചു നിൽക്കും 

എഴുത്ത്: ബഷീർ ചിത്താരി

Post a Comment

0 Comments