തിങ്കളാഴ്‌ച, ജനുവരി 26, 2026


കോഴിക്കോട്: പാണക്കാടിന്റെ പൈതൃകത്തെ അംഗീകരിക്കാത്തവരെ സമസ്ത മുശാവറയില്‍ നിന്ന് എടുത്ത് പുറത്തു കളയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം രാഷ്ട്രീയ ഗുണ്ടകളുടെ ഭാഷയിലാണെന്നും ഷാഫി ചാലിയം വിമര്‍ശിച്ചു.


പണക്കാട് തങ്ങന്‍മാരെ നിന്ദിക്കാന്‍ മതസംഘടനകളുടെ വേദി ഉപയോഗിക്കുകയാണ്. പാണക്കാടിന്റെ പൈതൃകത്തെ അംഗീകരിക്കാത്തവരെ മുശാവറയില്‍ നിന്ന് എടുത്ത് പുറത്തുകളയണം. മുശാവറയിലുള്ളവരെ സിപിഎം ആയുധമായി ഉപയോഗിക്കുകയാണെന്നും ഷാഫി ചാലിയം ആരോപിച്ചു.


സമസ്തയെ വിരട്ടാന്‍ നോക്കണ്ട എന്നാണ് പറയുന്നത്. സമസ്തയെ ആരും വിരട്ടാന്‍ നോക്കുന്നില്ല. സമസ്തയോട് എല്ലാവര്‍ക്കും ആദരവാണ്. മരിക്കുന്നത് വരെ ഒരു കൈയില്‍ സമസ്തയെയും മറുകൈയില്‍ മുസ്ലിം ലീഗിനെയും ചേര്‍ത്തുപിടിച്ച മഹാന്‍മാര്‍ ഉണ്ട്. ഇങ്ങനെയല്ല പണ്ഡിതന്‍മാര്‍ പെരുമാറേണ്ടത്. മറ്റു മതങ്ങളെപ്പോലും അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായെന്നും ഷാഫി ചാലിയം പറഞ്ഞു.


വെള്ളാപ്പള്ളി മുസ്ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അധിക്ഷേപിച്ചപ്പോള്‍ ഒരു മറുപടിയും ഉമര്‍ ഫൈസി അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പാണക്കാട് തങ്ങളെ പുലഭ്യം പറഞ്ഞ ഉമര്‍ ഫൈസി വെള്ളാപ്പള്ളിക്കെതിരെ ഒരു വാക്ക് മിണ്ടിയിട്ടില്ലെന്നും ഷാഫി ചാലിയം പറഞ്ഞു.


 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ