തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സത്യഗ്രഹം തുടങ്ങി കെ കെ ഹര്‍ഷിന. സംഭവം നടന്ന് നാലര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഏകദിന സമരം.
മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലില്‍ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹര്‍ഷിന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികില്‍സ നടത്തുന്നത്. ഇപ്പോള്‍ ആ പണവും തീര്‍ന്നെന്നും ജീവിക്കാന്‍ നിര്‍വാഹമില്ലെന്നും ഹര്‍ഷിന പറഞ്ഞു.
വയറ്റില്‍ കത്രിക കുടുങ്ങിയെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടര്‍മാര്‍ക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്തു. ഇത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നുമാണ് ഹര്‍ഷിന ആരോപിക്കുന്നത്.
2017 നവംബര്‍ 30 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. പിന്നാലെ 2022 സെപ്തംബര്‍ 17നാണ് ശസ്ത്രക്രിയയിലൂടെ കത്രിക വയറ്റില്‍ നിന്നും പുറത്തെടുത്തത്. പിന്നാലെ കേസില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നേഴ്‌സുമാരെയും പ്രതികളാക്കി പൊലിസ് കേസെടുത്തിരുന്നു. കുന്നമംഗലം കോടതിയില്‍ പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2024 ജൂലൈയില്‍ വിചാരണ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
മൂന്ന് പ്രസവ ശസ്ത്രക്രിയ നടത്തിയ ഹര്‍ഷിനയുടെ വയറ്റില്‍ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ