കാസർകോട് – കാഞ്ഞങ്ങാട്: സമസ്ത സമ്മേളനം പ്രമാണിച്ച് കെഎസ്ആർടിസി സ്പെഷ്യൽ ഷട്ടിൽ സർവീസുകൾ ആരംഭിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട് വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായാണ് പ്രത്യേക സർവീസുകൾ ഒരുക്കിയിരിക്കുന്നത്.
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ നിന്നും കുണിയ വരെ പ്രത്യേക ഷട്ടിൽ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കാസർകോട് നിന്നും കുണിയ വരെ പ്രത്യേക ഷട്ടിൽ സർവീസും പ്രവർത്തിക്കുന്നതാണ്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോറം ജനറൽ സെക്രട്ടറി സി.കെ നാസർ കാഞ്ഞങ്ങാട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡിപ്പോയും കാസർകോട് ഡിപ്പോയും നിന്നും പത്ത് വീതം ബസുകൾ സർവീസ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സമ്മേളന ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുണിയ ഭാഗത്തേക്ക് വലിയ തോതിൽ ആളുകൾ എത്തുമെന്നാണ് വിലയിരുത്തൽ. അതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനും യാത്ര സൗകര്യം വർധിപ്പിക്കാനും കെഎസ്ആർടിസി അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സമ്മേളന സമാപന ദിവസത്തിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അമ്പത് ബസുകൾ വീതം റെയിൽവേ സ്റ്റേഷൻ വരെ രാത്രി സ്പെഷ്യൽ സർവീസുകൾ നടത്താൻ തയ്യാറാണെന്ന് ഡിപ്പോ മാനേജർമാർ അറിയിച്ചു.
സമ്മേളനവുമായി ബന്ധപ്പെട്ട് റെയിൽവേ, റെയിൽവേ പോലീസ്, ആർപിഎഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോറം, വളണ്ടിയർ സംഘം എന്നിവരും ഗതാഗതവും സുരക്ഷയും സുഗമമാക്കുന്നതിനായി സംയുക്തമായി പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
യാത്രക്കാർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ