വ്യാഴാഴ്‌ച, ഫെബ്രുവരി 26, 2026



നിയമസഭാ തെരഞ്ഞെടുപ്പ് ഏതു നിമിഷവും പ്രഖ്യാപിച്ചേക്കാമെന്ന സാഹചര്യത്തില്‍ സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേയ്ക്ക്. ഉദുമ നിയമസഭാ സീറ്റില്‍ സിറ്റിംഗ് എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫയെയും മത്സരിപ്പിക്കാന്‍ തീരുമാനമായി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ പി ജയരാജന്‍, എം വി ജയരാജന്‍, ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ ആയിരിക്കും അന്തിമ പട്ടിക പുറത്തുവിടുക. ഉദുമയില്‍ ഇ പത്മാവതിയുടെ പേരും ഉയര്‍ന്നിരുന്നു. അതു തഴഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും ഇതേ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്ത തവണ പരിഗണിക്കാമെന്നായിരുന്നു അന്നു നേതൃത്വം കൈക്കൊണ്ട നിലപാട്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇ പത്മാവതിയെ പരിഗണിക്കേണ്ടതില്ലെന്നും സി എച്ച് കുഞ്ഞമ്പു തന്നെ കളത്തിലിറങ്ങട്ടെയെന്നുമായിരുന്നു പാര്‍ട്ടി നിലപാടെന്നു പറയുന്നു. തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫയുടെ പേരുമാത്രമാണ് ഉയര്‍ന്നു വന്നത്. കോണ്‍ഗ്രസ് വിട്ട് ഇടതു പാളയത്തില്‍ എത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരിനെ കാസര്‍കോട്ടോ, മഞ്ചേശ്വരത്തോ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ആലോചനയുമുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ