തിങ്കളാഴ്‌ച, മാർച്ച് 16, 2026


കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ കാസര്‍കോട് പോസ്റ്ററുകള്‍. കെ എം ഷാജിയെ കാസര്‍കോഡ് ലീഗ് സ്ഥാനാര്‍ഥിയായി ഏറെക്കുറെ ഉറപ്പിച്ചതായ വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലയ്ക്ക് വേണ്ടത് കാസര്‍കോടിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെയാണ്. ഇറക്കുമതി സ്ഥാനാര്‍ത്ഥി ഇവിടെ വേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. ‘ഞങ്ങള്‍ ലീഗുകാര്‍’ എന്ന പേരിലാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജി മത്സരിച്ചേക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ജില്ലയിലെ സമസത വിദ്യാര്‍ഥി വിഭാഗം നേതാവ് ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്തെത്തി. സമസ്ത നേതാക്കള്‍ക്കെതിരേ ഷാജി പല തവണ പ്രസ്താവന ഇറക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ കെ എം ഷാജി ഇപ്പോള്‍ കാസര്‍കോട് സജീവമായി രംഗത്തുണ്ട്.

കാസര്‍കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട്. 1957ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. കാസര്‍കോട് മുന്‍സിപ്പാലിറ്റിയും മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ബദിയഡുക്ക, കുംബഡാജെ, ബെല്ലൂര്‍, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.


2021ലെ വോട്ടര്‍പട്ടിക പ്രകാരം 201812 ആണ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം. മുസ്ലിം ലീഗിന്റെ എന്‍ എ നെല്ലിക്കുന്നാണ് നിലവിലെ അംഗം. നേരത്തേ ലീഗിലെ സിടി അഹമ്മദലി പല തവണ കാസര്‍കോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കാസര്‍കോട് നിയമസഭാമണ്ഡലം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ