തിങ്കളാഴ്‌ച, മാർച്ച് 16, 2026



കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്കാരവുമായി ഗൂഗിൾ മാപ്‌സ്. ‘ആസ്ക് മാപ്‌സ്’ (Ask Maps), ‘ഇമ്മേഴ്‌സീവ് നാവിഗേഷൻ’ (Immersive navigation) എന്നീ രണ്ട് പ്രധാന ഫീച്ചറുകളാണ് ഗൂഗിൾ അവതരിപ്പിച്ചത്. ഇതിൽ ‘ആസ്ക് മാപ്‌സ്’ സേവനം ഇപ്പോൾ ഇന്ത്യയിലും അമേരിക്കയിലും ലഭ്യമായിത്തുടങ്ങി. സാധാരണ ഒരു മാപ്പിന് നൽകാൻ കഴിയാത്ത സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു സംഭാഷണ രീതിയിലുള്ള (Conversational) അനുഭവമാണ് ആസ്ക് മാപ്‌സ് വാഗ്ദാനം ചെയ്യുന്നത്.


എന്താണ് ആസ്ക് മാപ്‌സ്?  

നേരത്തെ സ്ഥലങ്ങൾ തിരയാൻ മാത്രം ഉപയോഗിച്ചിരുന്ന മാപ്‌സ് ഇനി മുതൽ ഒരു സുഹൃത്തിനെപ്പോലെ നിങ്ങളോട് സംവദിക്കും. “ഫോണിൽ ചാർജ് തീരാറായി, വലിയ ക്യൂവിൽ നിൽക്കാതെ എവിടെ ചാർജ് ചെയ്യാം?”, “ഇന്ന് രാത്രി ലൈറ്റുകളുള്ള പൊതു ടെന്നീസ് കോർട്ട് എവിടെയുണ്ട്?” തുടങ്ങിയ സങ്കീർണ്ണമായ ചോദ്യങ്ങൾ ഇനി മാപ്പിനോട് നേരിട്ട് ചോദിക്കാം. നിലവിൽ ഇംഗ്ലീഷിലാണ് ഈ സേവനം ലഭ്യമാകുക. ഹിന്ദി ഭാഷയിലുള്ള പിന്തുണ ഉടൻ ലഭ്യമാകും.  എങ്ങനെ ഉപയോഗിക്കാം?  ആസ്ക് മാപ്‌സ് ഉപയോഗിക്കുന്നതിന് മുൻപായി നിങ്ങളുടെ ഫോണിലെ ഗൂഗിൾ മാപ്‌സ് ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾ പ്ലേ സ്റ്റോറിലും ഐഫോൺ ഉപയോക്താക്കൾ ആപ്പ് സ്റ്റോറിലും പോയി അപ്‌ഡേറ്റ് പരിശോധിക്കുക.  സ്റ്റെപ്പ് 1: ആപ്പ് തുറക്കുമ്പോൾ സെർച്ച് ബാറിന് തൊട്ടുതാഴെയായി ‘Ask Maps’ എന്ന ബട്ടൺ കാണാം. സ്റ്റെപ്പ് 2: ഇതിൽ ക്ലിക്ക് ചെയ്താൽ സംസാരിക്കാനോ ടൈപ്പ് ചെയ്യാനോ ഉള്ള സൗകര്യം ലഭിക്കും. സ്റ്റെപ്പ് 3: നിങ്ങളുടെ സംശയം ചോദിക്കുക. ലളിതമായ വാക്കുകൾക്ക് പകരം ഒരു സുഹൃത്തിനോട് ചോദിക്കുന്നത് പോലെ വിശദമായി തന്നെ കാര്യങ്ങൾ ചോദിക്കാവുന്നതാണ്. ഉദാഹരണത്തിന്: “മണ്ടി ഹൗസിൽ നിന്ന് നോയിഡ സെക്ടർ 18-ലേക്ക് പോകണം. ഇപ്പോൾ മെട്രോയിലാണോ കാറിലാണോ പോകാൻ നല്ലത്? പോകുന്ന വഴിയിൽ എവിടെ നിന്ന് കോഫി ലഭിക്കും?” എന്ന് ചോദിച്ചാൽ ഗൂഗിൾ മാപ്‌സ് കൃത്യമായ മറുപടി നൽകും.


യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്യാം  വിദേശത്തുനിന്നോ മറ്റോ വരുന്ന സുഹൃത്തുക്കൾക്കായി ഒരു സായാഹ്നം പ്ലാൻ ചെയ്യാൻ ഇനി പല ആപ്പുകൾ മാറി മാറി നോക്കേണ്ടതില്ല. നല്ല ഭക്ഷണവും മദ്യവും ലഭിക്കുന്ന, ഫുട്ബോൾ മത്സരം തത്സമയം കാണാൻ കഴിയുന്ന, പാർക്കിംഗ് സൗകര്യമുള്ള സ്ഥലങ്ങൾ ചോദിച്ചാൽ ഉപയോക്താക്കളുടെ റിവ്യൂകളും വെബ് കണ്ടന്റുകളും പരിശോധിച്ച് മാപ്‌സ് മികച്ച നിർദ്ദേശങ്ങൾ നൽകും.  മുതിർന്ന പൗരന്മാർക്കായി യാത്രകൾ പ്ലാൻ ചെയ്യുമ്പോഴും ഈ ഫീച്ചർ ഏറെ സഹായകമാണ്. നടത്തം കുറഞ്ഞ സ്ഥലങ്ങൾ, വീൽചെയർ സൗകര്യമുള്ള ഇടങ്ങൾ എന്നിവ മുൻഗണനാക്രമത്തിൽ നൽകാൻ ആസ്ക് മാപ്‌സിന് സാധിക്കും. ഓരോ നിർദ്ദേശത്തിന് ശേഷവും കൂടുതൽ സംശയങ്ങൾ (Follow-up questions) ചോദിക്കാനും സാധിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ