ബേക്കൽ: പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലക്കുന്ന് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പാലക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം ഉദുമ ഭാഗത്തേക്ക് അശ്രദ്ധമായി കാർ ഓടിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനം നിർത്തി പരിശോധിച്ചു. KL 60 W 5386 നമ്പർ കാറിന്റെ ഡ്രൈവറായ മുഹമ്മദ് നിഹൽ (17) എന്നയാൾ പ്രായപൂർത്തിയാകാത്തവനാണെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വാഹനം ഓടിക്കാൻ നൽകിയതത് മാതാവ് റഷീദ ആണെന്ന് വ്യക്തമായി. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം കൈമാറിയത് പൊതുജനങ്ങൾക്കും കുട്ടിക്കും അപകടം വരുത്താമെന്ന അറിവോടെയാണെന്ന കണ്ടെത്തലിനെ തുടർന്ന് മാതാവിനെതിരെ ബേക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബേക്കൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ അഖിൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ