മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെയും ലൈക്കും കൂട്ടുന്നതിനായി മനുഷ്യന്റെ ദുഃഖവും മരണവും അപകടങ്ങളുമൊക്കെ ഉപയോഗിക്കുന്ന പ്രവണതകൾക്കെതിരെയാണ് പൊലീസിന്റെ പ്രതികരണം. തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പൊലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചാണ് പൊലീസ് ഈ സന്ദേശം ജനങ്ങളിലെത്തിച്ചത്.
ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലൂടെ പറന്ന് ദൃശ്യങ്ങൾ പകർത്തുന്ന ഡ്രോൺ ക്യാമറയിലേക്ക് ബാറ്റർ അടിച്ച പന്ത് വന്നിടിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി എത്തിനോക്കുന്ന കാമറകൾക്കുള്ള പ്രതീകാത്മകമായ ഒരു പ്രഹരമായാണ് ഈ വീഡിയോയെ കണക്കാക്കുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതക്കുള്ള അവകാശം ഒരു മൗലികാവകാശമാണ്. മറ്റൊരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കർശനമായ നിയമനടപടികൾക്ക് കാരണമാകും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ