കാസർകോട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ നിരവധി പോക്സോ കേസുകളിൽ പ്രതിയായ 25കാരി സ്നേഹ മെർലിൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്. പെൺകുട്ടിയെ സ്നേഹ ഒരുവർഷത്തിനിടെ നിരവധി തവണ പീഡിപ്പിച്ചിരുന്നു. ഭയം മൂലം പെൺകുട്ടി വിവരം പുറത്തുപറയാതിരിക്കുകയായിരുന്നു. കൗൺസിലിങ്ങിലാണ് പെൺകുട്ടി താൻ നേരിട്ട പീഡനം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ ഒരുവർഷമായി താമസിച്ചുവരികയായിരുന്നു സ്നേഹ.
16കാരിയുടെ അമ്മ ലഹരി വിൽപ്പന കേസിൽ കണ്ണൂർ ജയിലിൽ കിടന്നിട്ടുണ്ട്. പോക്സോ കേസിൽ ഇതേ ജയിലിൽ കിടക്കുമ്പോഴാണ് സ്നേഹ ഇവരെ പരിചയപ്പെടുന്നത്. പുറത്തിറങ്ങിയ ശേഷം സ്നേഹ പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം കാസർകോട്ടെ ഇവരുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇവിടെ വച്ച് പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയും സ്നേഹ 16കാരിയെ പീഡിപ്പിച്ചിരുന്നു. പരാതിക്കാരിയായ 16കാരിയെ പീഡിപ്പിച്ച കേസിൽ സ്വന്തം അച്ഛൻ ജയിലിലാണ്.
പോക്സോ നിയമപ്രകാരമാണ് മേൽപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെതിരെ കേസ് എടുത്തത്. തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് കേസുകളും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2025 മാർച്ച് 14നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായത്.
സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. സ്വർണാഭരണം അടക്കം വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കുട്ടിയെ സ്വാധീനിച്ചാണ് സ്നേഹ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഇരയായ പെൺകുട്ടിയുടെ 15 വയസുള്ള സഹോദരനെയും പലതവണ സ്നേഹ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായി. തുടർന്ന് ആ കേസിലും തളിപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെ അറസ്റ്റ് ചെയ്തിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ