വെള്ളിയാഴ്‌ച, ജൂലൈ 24, 2026


വിവാഹം എന്നത് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞിരിക്കണമെന്നതിനാൽ പല പെൺകുട്ടികൾക്കും വിവാഹം സന്തോഷത്തോടൊപ്പം സങ്കടം കൂടിയാണ് സമ്മാനിക്കുന്നത്. എന്നാൽ, പരസ്‌പരം വേർപിരിയാൻ കഴിയാത്തതിന്റെ പേരിൽ വേറിട്ടൊരു തീരുമാനമെടുത്തിരിക്കുകയാണ് ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലുള്ള മൂന്ന് സഹോദരിമാർ. വിവാഹം കഴിഞ്ഞാലും വേർപിരിയാതിരിക്കാൻ മൂവരും ഒരേ യുവാവിനെ തന്നെ വിവാഹം കഴിച്ചു.


ഇൻഫ്ലുവൻസർമാരായ സരോജ് (20), സാവിത്രി (19), സന്തോഷ് (18) എന്നിവരാണ് ഇവരുടെ ക്യാമറാമാനായ വികാസിനെ (20) വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് വികാസാണ്. യുവതികളുടെ ഭർത്താവായി വികാസ് ചില വീഡിയോകളിൽ അഭിനയിച്ചിട്ടുമുണ്ട്. വിവാഹം കഴിഞ്ഞാൽ പരസ്‌പരം പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്ന ഭയം കാരണമാണ് ഒരേ ആളെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സരോജ് വീഡിയോയിൽ പറയുന്നുണ്ട്.'കുട്ടിക്കാലം മുതൽ ഞങ്ങൾ ഒരുമിച്ചാണ്. വേർപിരിഞ്ഞ് ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യ. വിവാഹം ഞങ്ങളെ വേർപിരിക്കുമെന്ന് തോന്നിയപ്പോൾ ജീവനൊടുക്കാൻ പോലും തീരുമാനിച്ചിരുന്നു. പിന്നീടാണ് ഒരു പുരുഷനെ തന്നെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്. ഞങ്ങൾ പ്രായപൂർത്തിയായവരാണ്. ഞങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ട് ' - സരോജ് പറഞ്ഞു.ചാമുണ്ഡമാത ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവതികളുടെയും യുവാവിന്റെയും കുടുംബാംഗങ്ങളോ ബന്ധുക്കളോ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. സഹോദരിമാരുടെ ആത്മബന്ധം മനസിലാക്കിയ ആളെന്ന നിലയിലാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് വികാസ് പറയുന്നത്. എന്നാൽ, വിവാഹം നിയമപ്രകാരം നിലനിൽക്കുമോ എന്ന കാര്യത്തിൽ ഇവർക്ക് ആശങ്കയുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ