തിങ്കളാഴ്‌ച, ജൂൺ 15, 2026


കാഞ്ഞങ്ങാട്: ലൈസൻസും അനുബന്ധ രേഖകളും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അപകടകരമായി യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർശന നടപടിയുമായി പൊലീസ്. കാഞ്ഞങ്ങാട്, ഹോസ്ദുർഗ് മേഖലകളിൽ നിന്ന് 12 ഇലക്ട്രിക് സ്കൂട്ടറുകൾ പൊലീസ് പിടിച്ചെടുത്തു.


ടൗണിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ച് ഗതാഗത തടസം സൃഷ്ടിക്കുകയും മറ്റ് വാഹനയാത്രക്കാരെ അപകടത്തിലാക്കുകയും ചെയ്യുന്ന ഇ.വി.എസ് സ്കൂട്ടറുകളാണ് കാഞ്ഞങ്ങാട് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്.


ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലെന്ന പരസ്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച്, ഹെൽമെറ്റോ സൈഡ് മിററോ ഇല്ലാതെ മൂന്ന് പേരെ വരെ കയറ്റി 10 വയസ് മുതലുള്ള കുട്ടികൾ ടൗണിലൂടെ വാഹനമോടിക്കുന്നത് വ്യാപകമായതോടെയാണ് നടപടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുരേഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം ട്രാഫിക് വിഭാഗത്തിൽ പുതുതായി ചുമതലയേറ്റ എസ്.ഐ. പ്രദീപ് കുമാറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്.


കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ച ശേഷം കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നടത്തിയ ശേഷമാണ് തിരികെ നൽകുന്നത്. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന്റെ അപകടസാധ്യതയും റോഡ് സുരക്ഷാ നിയമങ്ങളും രക്ഷിതാക്കൾക്കും കുട്ടികൾക്കും വിശദീകരിക്കുന്നുണ്ട്.


ഇത്തരം വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്നവയാണെങ്കിലും അശ്രദ്ധമായ ഡ്രൈവിങ് മൂലം അപകടങ്ങൾ ഉണ്ടാകാമെന്നും, പ്രത്യേകിച്ച് ഹെൽമെറ്റ് ധരിക്കാത്ത സാഹചര്യത്തിൽ ഗുരുതര പരിക്കുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഹെൽമെറ്റ് ധരിച്ച് മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.


കാഞ്ഞങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കും ട്രാഫിക് നിയമലംഘകർക്കുമെതിരെ ശക്തമായ നടപടി തുടരുമെന്ന് കാഞ്ഞങ്ങാട് ട്രാഫിക് പൊലീസ് അറിയിച്ചു.




0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ