കാഞ്ഞങ്ങാട്: അതിഞ്ഞാലിൽ ഓവുചാൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ഒരാഴ്ചയായിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനാൽ തീരദേശ മേഖലയിലെ ജനങ്ങൾ കടുത്ത ജല ക്ഷാമം നേരിടുന്നു.
പൈപ്പ് അറ്റകുറ്റപ്പണി നടത്തേണ്ടത് ആരാണെന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ തർക്കം നിലനിൽക്കുന്നതാണ് പ്രശ്നം വഷളാക്കുന്നത്. പൈപ്പ് നന്നാക്കേണ്ടത് പി.ഡബ്ല്യു.ഡി (PWD) ആണെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. അതേസമയം, പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് വാട്ടർ അതോറിറ്റി ആവശ്യപ്പെടുന്നത്.
ഇതിന് മുമ്പ് മൻസൂർ ആശുപത്രിക്ക് മുൻവശത്ത് സമാന രീതിയിൽ പൈപ്പ് പൊട്ടിയപ്പോൾ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ അതിന് ചെലവായ തുക രണ്ട് മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തവണ വാർഡ് മെമ്പർ ഇടപെടാൻ തയ്യാറാകാത്തതെന്ന് അറിയുന്നു.
അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണുകയും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ പഞ്ചായത്തിനോടും വാട്ടർ അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ