അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ ഇരുപത് ശതമാനം പഞ്ചസാര. വളർന്ന് വരുന്ന പ്രായത്തിൽ ഇത്രയും പഞ്ചസാര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നുമാണ് വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. ഇതിനെത്തുടർന്ന് അങ്കണവാടികൾ വഴിയുള്ള പോഷക ആഹാരത്തിൻ്റെ വിതരണത്തിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്. പോഷകഹാര കിറ്റുകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കാൻ വനിത ശിശു വികസന മന്ത്രാലയം നിർദേശിച്ചിരുന്നു. 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയ ചങ്ക്‌സ് എന്നിവയാണ് 20 ശതമാനം പഞ്ചസാരയ്ക്ക് പുറമേ അമൃതം പൊടിയിലുള്ളത്. ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിലെ പോഷക ആഹാരക്കുറവ് പരിഹരിക്കാൻ ദിവസം 135 ഗ്രാം കണക്കിൽ പലഹാരമായോ കുറുക്കിയോ നൽകാം. 135 ഗ്രാം കഴിക്കുന്ന കുട്ടിയുടെ ഉള്ളിൽ 27 ഗ്രാം പഞ്ചസാര എത്തും.
ആറുമാസം പ്രായമുള്ള കുട്ടിക്കും ഇത്രയും പഞ്ചസാര നൽകുന്നതിൽ മാറ്റം വേണമെന്ന നിർദേശമുണ്ട്. പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാമെന്നാണ് വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. കുഞ്ഞുപ്രായത്തിൽ തന്നെ പഞ്ചസാര അമിതമായി ഉപയോഗിച്ചാൽ വളർന്ന് വരുമ്പോൾഐസ്ക്രീം പോലെയുള്ള മധുര വസ്തുക്കളുടെ അമിത ആസക്തിയിലേക്ക് നയിക്കുമെന്നും വകുപ്പ് വിലയിരുത്തുന്നുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ