ദില്ലി:ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് ടവലുകളും കിടക്കവിരികളും നൽകാറുണ്ട്. ഇങ്ങനെ നൽകുന്നവ യാത്രക്കാർ വ്യാപകമായി മോഷ്‌ടിക്കുന്നതായി റിപ്പോർട്ട്. 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ എസി കോച്ചുകളിൽ നിന്ന് യാത്രക്കാർ മോഷ്‌ടിച്ചത് 1.27 കോടിയിലധികം. ബെഡ്റോൾ സാധനങ്ങളാണെന്നുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ 18 റെയിൽവേ സോണുകളിലെ 16 എണ്ണത്തിന് കീഴിലുമുള്ള 54 റെയിൽവേ ഡിവിഷനുകളിൽ നിന്നാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ശേഖരിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം 2022 ജനുവരിയിലാണ് റെയിൽവേ ബെഡ്‌റോൾ സേവനം പൂർണ്ണമായും പുനരാരംഭിച്ചത്. ഇതിനുശേഷം 2022-നും 2025-നും ഇടയിൽ ബെഡ്‌റോൾ മോഷണത്തിൽ 56 ശതമാനത്തിന്റെ്റെ വൻ വർധനവാണുണ്ടായത്. ശരാശരി 1,000 യാത്രക്കാർ ട്രെയിനിൽ കയറുമ്പോൾ അതിൽ ഒരാൾ വീതം എന്തെങ്കിലുമൊക്കെ മോഷ്ടിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മോഷ്ടാക്കൾക്ക് ഏറ്റവും പ്രിയം ടവലുകളോടാണെന്ന് കണക്കുകൾ പറയുന്നു. എസി കോച്ചുകളിലെ യാത്രക്കാർക്ക് റെയിൽവേ നൽകുന്ന ബെഡ്റോൾ കിറ്റിൽ രണ്ട് കിടക്കവിരികൾ, ഒരു പുതപ്പ്, ഒരു തലയിണ, ഒരു തലയിണ കവർ, മുഖം തുടയ്ക്കാനുള്ള ഒരു ചെറിയ ടവൽ എന്നിവയാണുള്ളത്. നാല് വർഷത്തിനിടെ 46.54 ലക്ഷം ഫെയ്സ് ടവലുകളാണ് കാണാതായത്. യാത്രക്കാർ ഏറ്റവും കൂടുതൽ സ്വന്തമാക്കിയതും ഇത് തന്നെ. 41.13 ലക്ഷം കിടക്കവിരികളും ട്രെയിനിൽ നിന്ന് അപ്രത്യക്ഷമായി. 23.59 ലക്ഷം രൂപയുടെ തലയിണക്കവറുകൾ, 12.95 ലക്ഷം പുതപ്പുകളും യാത്രക്കാർ വീട്ടിലേക്ക് കൊണ്ടുപോയി. വലിപ്പം കൂടുതലായതുകൊണ്ടാകാം തലയിണകൾ മോഷ്ടിക്കപ്പെട്ടത് താരതമ്യേന കുറവാണ് 2.76 ലക്ഷം എണ്ണം മാത്രമാണ് നഷ്ടപ്പെട്ടത്. വിവിധ പ്രദേശങ്ങളിലെ മോഷണ നിരക്കിൽ വലിയ വ്യത്യാസങ്ങളുണ്ടെന്ന് വിവരാവകാശ രേഖകൾ പറയുന്നു. ഏറ്റവും കൂടുതൽ സാധനങ്ങൾ കാണാതായത് രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിൽ നിന്നാണ് - 25.76 ലക്ഷം. റാഞ്ചി (9.31 ലക്ഷം), ഡൽഹി (8.21 ലക്ഷം), മുംബൈ (8.17 ലക്ഷം), ജോധ്‌പൂർ (8.09 ലക്ഷം), അഹമ്മദാബാദ് (6.94 ലക്ഷം) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള ഡിവിഷനുകൾ. യാത്രക്കാർ കൊണ്ടുപോകുന്ന ഈ സാധനങ്ങളുടെ സാമ്പത്തിക ബാധ്യത റെയിൽവേയ്ക്കല്ല, മറിച്ച് വിതരണക്കാർക്കാണ് എന്നതാണ് മറ്റൊരു യാഥാർഥ്യം. എസി കോച്ചുകളിൽ ബെഡ്‌റോളുകൾ വിതരണം ചെയ്യുന്നതും തിരികെ ശേഖരിക്കുന്നതും കരാർ അടിസ്ഥാനത്തിലുള്ള ഏജൻസികളാണ്. സാധനങ്ങൾ കാണാതാകുമ്പോൾ പകരം പുതിയവ വെക്കേണ്ട ബാധ്യത പൂർണ്ണമായും ഈ കരാറുകാരുടെ തലയിലാണെന്ന് റെയിൽവേ വക്താവ് വ്യക്തമാക്കി. 104.51 കോടി രൂപയാണ് നാല് വർഷം കൊണ്ട് കരാറുകാർക്ക് നഷ്‌ടമായത്. വർധിച്ചുവരുന്ന ഈ മോഷണങ്ങൾ അതീവ ഗൗരവമുള്ള വിഷയമാണെന്നും, ഇത് തടയാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ശക്തമായ ശ്രമങ്ങൾ നടന്നുവരികയാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ