വ്യാഴാഴ്‌ച, ജൂലൈ 16, 2026


ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ ഒരു പ്രധാന ചത്വരത്തിൽ ഡൊണാൾഡ് ട്രംപിനെ ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമാകാരമായ ബോർഡ് പ്രത്യക്ഷപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഇംഗ്ലീഷിലും പേർഷ്യനിലുമുള്ള ഭീഷണി സന്ദേശവും ബോർഡിൽ എഴുതിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായ സമയത്താണ് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുത്.

ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നേരെ അമേരിക്കൻ സേന മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. യുഎസിന്റെ ആക്രമണങ്ങൾ ആശുപത്രികൾക്കും ഫാക്ടറികൾക്കും സമീപം ആഘാതം സൃഷ്ടിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമുദ്രപാതകളിലെ സുരക്ഷ ഉറപ്പാക്കാനാണ് തങ്ങളുടെ നടപടിയെന്ന് യുഎസ് അവകാശപ്പെടുമ്പോൾ, തങ്ങളുടെ പൗരന്മാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന നിലപാടിലാണ് ഇറാൻ.  ടെഹ്റാനിലെ എൻഗെലാബ് സ്‌ക്വയറിൽ (Enghelab Square) സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ, കണ്ണുകളും വായയും അടച്ച്, ചുവന്ന ടൈക്ക് മുകളിൽ കൈകൾ പിണച്ചുവെച്ച്, കറുത്ത പെട്ടിക്കുള്ളിൽ കിടക്കുന്ന ട്രംപിനെയാണ് കാണിക്കുന്നത്. ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് അലി ഖൊമേനിയുടെ ശവസംസ്‌കാര ചടങ്ങിൽ ഉപയോഗിച്ച കറുത്ത കോൺക്രീറ്റ് ഫലകങ്ങൾ ഒരു ശവപ്പെട്ടിയുടെ ആകൃതിയിൽ ക്രമീകരിച്ച്, അതിനുള്ളിൽ കിടക്കുന്നതായാണ് യുഎസ് പ്രസിഡന്റിനെ ബോർഡിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരായി ആരംഭിച്ച സംഘർഷത്തിനിടെ ഒരു പ്രൈമറി സ്‌കൂളിന് നേരെയും ആക്രമണം നടന്നിരുന്നു. ഈ സംഭവം നടന്ന തെക്കൻ ഇറാനിയൻ നഗരമായ മിനാബിനെ പരാമർശിച്ചുകൊണ്ട്, 'മിനാബിലെ കുട്ടികളുടെ സ്മരണാർത്ഥം' (In memory of Minab's children) എന്നും ഈ ഹോർഡിങ്ങിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  അതേസമയം, ഇറാനെതിരെയുള്ള നീക്കങ്ങൾ യുഎസ് ശക്തമാക്കിയിട്ടുണ്ട്. വടക്കൻ മേഖലയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പുതിയ ആക്രമണങ്ങൾ നടത്തുകയും നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒരു കപ്പലിനെ ലക്ഷ്യമിട്ടതായും യുഎസ് അറിയിച്ചു.  ഏതാനും ദിവസങ്ങൾക്ക് മുമ്പ്, യുഎസ് പ്രസിഡന്റിനെ വധിക്കാനുള്ള ഇറാന്റെ പുതിയ പദ്ധതിയെക്കുറിച്ച് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം  മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി സൂചിപ്പിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് യുഎസുമായി ഇസ്രയേൽ പങ്കുവെച്ചതായി വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് ചെയ്തത്. ട്രംപിനെതിരെയുള്ള ഭീഷണികളെക്കുറിച്ച് കഴിഞ്ഞ ആഴ്ചകളിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് തുടർച്ചയായ വിവരങ്ങൾ ലഭിച്ചിരുന്നതായി സിഎൻഎന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  യുഎസ് പ്രസിഡന്റിനെ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക വധശ്രമ പദ്ധതിയെക്കുറിച്ച് ചൂണ്ടിക്കാട്ടുന്ന ആദ്യത്തെ മുന്നറിയിപ്പായിരുന്നു ഇസ്രയേലിന്റേത്. പിന്നാലെതന്നെ ഇറാന് ട്രംപ് തിരിച്ചും മുന്നറിയിപ്പ് നൽകി. തന്നെ വധിക്കാൻ ശ്രമിച്ചാൽ, '1,000 മിസൈലുകൾ ലോക്ക് ചെയ്ത് ലോഡ് ചെയ്തിരിക്കുകയാണ്, അവ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെ ഉന്നം വെച്ചിരിക്കുന്നു.' എന്നും പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി എത്തുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.  തനിക്കുനേരെ ഒരു വധശ്രമം ഉണ്ടായാൽ ഇറാന് നേരെ തിരിച്ചടി നൽകാൻ സൈന്യത്തിന് ഇതിനകം ഉത്തരവ് നൽകിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വധശ്രമ റിപ്പോർട്ടുകൾക്കും കടുത്ത മുന്നറിയിപ്പുകൾക്കും ഇടയിൽ, യുഎസും ഇറാനും തമ്മിലുള്ള യുദ്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഈ സംഘർഷത്തിന്റെ ഏറ്റവും വലിയ കേന്ദ്രബിന്ദുവായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്ന സൈനിക ആസ്തികളെ ലക്ഷ്യമിട്ട് ബുധനാഴ്ച യുഎസ് ഇറാനിൽ പുതിയ ആക്രമണങ്ങൾ നടത്തി.  ഇറാൻ ചർച്ചകളിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ യുഎസ് സൈനിക നടപടി വിപുലീകരിച്ചേക്കുമെന്നും പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് സെൻട്രൽ കമാൻഡ് (Centcom) പറയുന്നതനുസരിച്ച്, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്ന ഇറാനിയൻ സൈനികശേഷി തകർക്കുക എന്നതായിരുന്നു യുഎസ് നടത്തിയ ആക്രമണങ്ങളുടെ ലക്ഷ്യം.  പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും ധാരണാപത്രത്തിൽ ഒപ്പിട്ട് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ പുതിയ സംഘർഷം ഉണ്ടാകുന്നത്. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ