ശനിയാഴ്‌ച, ഓഗസ്റ്റ് 01, 2026


കാഞ്ഞങ്ങാട്: വടംവലി കായികരംഗത്തിന് കഴിഞ്ഞ 11 വർഷമായി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കാഞ്ഞങ്ങാട്ടെ ബാബു കോട്ടപ്പാറയെ കേരള ബുക്ക് ഓഫ് റെക്കോഡിന്റെ "ടാലൻറ് ഐക്കൺ ഹോൾഡർ" പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. ആഗസ്റ്റ് 12-ന് അങ്കമാലിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.  2015-ൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നടന്ന സീനിയർ ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീമിലെ അംഗമായിരുന്നു ബാബു കോട്ടപ്പാറ. 2016 മുതൽ 2022 വരെ കേരള വടംവലി ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.  2019-ൽ കാലിക്കറ്റ് സർവകലാശാലയുടെയും 2020 മുതൽ കണ്ണൂർ സർവകലാശാലയുടെയും വടംവലി പരിശീലകനായി പ്രവർത്തിച്ചുവരുന്നു. 13-ഓളം ദേശീയ മത്സരങ്ങളിൽ പരിശീലകനായി പങ്കെടുത്ത അദ്ദേഹം കേരളത്തിനും കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്കും നിരവധി മെഡലുകൾ നേടിക്കൊടുത്തിട്ടുണ്ട്.  തൃശൂർ വിമല കോളേജ്, മുന്നാട് പീപ്പിൾസ് കോളേജ്, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, മാടായി സി.എസ്.എ. കോളേജ്, രാജപുരം സെന്റ് പയസ് കോളേജ് എന്നിവിടങ്ങളിലെ ടീമുകൾക്കും മലപ്പുറം, കാസർകോട് ജില്ലകളിലെ സ്കൂൾ ടീമുകൾക്കും പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ മടിക്കൈ കക്കാട്ട് ഗവ. ഹൈസ്കൂൾ, ബന്തടുക്ക ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഇരിയ ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും വടംവലി പരിശീലനം നൽകിയിട്ടുണ്ട്.  നിരവധി തവണ കാസർകോട് ജില്ലാ വടംവലി ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുള്ള ബാബു കോട്ടപ്പാറ നിലവിൽ വടംവലി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റാണ്.  കായികരംഗത്തിന് പുറമെ കഴിഞ്ഞ 30 വർഷമായി മാധ്യമരംഗത്തും സജീവ സാന്നിധ്യമാണ് അദ്ദേഹം. ജന്മദേശം, മലബാർ വാർത്ത, കാരവൽ എന്നീ സായാഹ്ന പത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2021 മുതൽ ജന്മഭൂമി പത്രത്തിന്റെ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോർട്ടറാണ്. മിറാക്കിൾ ഓൺലൈൻ ന്യൂസ് എന്ന വാർത്താ സ്ഥാപനവും നടത്തിവരുന്നു. കൂടാതെ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ