ബുധനാഴ്‌ച, സെപ്റ്റംബർ 16, 2026


മഞ്ചേശ്വരം: ദേശീയപാത 66-ൽ തലപ്പാടി ഭാഗത്ത് മദ്യലഹരിയിൽ ഹെൽമെറ്റില്ലാതെ അപകടകരമായി മോട്ടോർസൈക്കിൾ ഓടിക്കുകയും പൊലീസ് നിർദ്ദേശം അവഗണിച്ച് വാഹനം നിർത്താതെ പോകുകയും ചെയ്ത സംഭവത്തിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ രണ്ട് ജീവനക്കാർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ അനീഷ് കുമാർ കെ.എ. (39), കാസർകോട് തായന്നൂർ സ്വദേശിയായ രവീന്ദ്രൻ എ. (50) എന്നിവർക്കെതിരെയാണ് കേസ്. എഫ്.ഐ.ആറിലെ വിവരമനുസരിച്ച് അനീഷ് കുമാർ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലാർക്കും, രവീന്ദ്രൻ ഗ്രാമപഞ്ചായത്തിലെ ഓവർസിയറുമാണ്.


ചൊവ്വാഴ്ച വൈകിട്ട് തലപ്പാടിയിൽ വാഹന പരിശോധനയ്ക്കിടെ KL 20 E 0690 നമ്പർ മോട്ടോർസൈക്കിൾ ഹെൽമെറ്റില്ലാതെ അപകടകരമായി ഓടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹനം നിർത്താൻ പൊലീസ് സിഗ്നൽ നൽകിയെങ്കിലും ഡ്രൈവർ നിർദ്ദേശം പാലിക്കാതെ കടന്നുപോയതായി എഫ്.ഐ.ആറിൽ പറയുന്നു. തുടർന്ന് പൊലീസ് പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി ഇരുവരെയും പിടികൂടുകയായിരുന്നു.


പരിശോധനയിൽ ഇരുവരുടെയും സംസാരത്തിലും പെരുമാറ്റത്തിലും മദ്യത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായും വാഹനം പിടിച്ചെടുത്ത് തുടർനടപടികൾ സ്വീകരിച്ചതായും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


ഭാരതീയ ന്യായ സംഹിത (BNS) 281-ാം വകുപ്പ് ഉൾപ്പെടെ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ