ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2026



കാഞ്ഞങ്ങാട്: ഇന്റര്‍നെറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തെരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ അറസ്റ്റിലായി. ഏതാനും ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്റര്‍നെറ്റില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് മഞ്ചേശ്വരം പൊലീസ് 18കാരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഉദ്യാവര്‍, കെ.ജെഎം റോഡ് സ്വദേശിയാണ് അറസ്റ്റിലായത്. ഇായളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മഡിയനില്‍ ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ റെയ്ഡില്‍ 26കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റിലായി. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരിക്കെയാണ് ഇയാള്‍ പിടിയിലായത്. ബേക്കല്‍, മൗവ്വലില്‍ ആലപ്പുഴ സ്വദേശിയായ 47കാരൻ സമാനരീതിയില്‍ ബേക്കല്‍ പൊലീസിന്റെ പിടിയിലായി. ഇയാളില്‍ നിന്ന് ഫോണും പിടികൂടി. വെള്ളരിക്കുണ്ട് പൊലീസ് മാലോം, അതിരുമാവില്‍ നടത്തിയ പരിശോധനയില്‍ 25കാരന്‍ പിടിയിലായി. കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പുത്തിഗെ, ഉജംപദവില്‍ 28കാരനും പെര്‍ണയില്‍ 44 കാരനുമാണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് കാഞ്ഞങ്ങാട് മീന്‍ മാര്‍ക്കറ്റ് പരിസരത്ത് നടത്തിയ പരിശോധനയില്‍ മാങ്ങാടു സ്വദേശിയും കുടുങ്ങി. കാസര്‍കോട് ടൗണ്‍ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ