വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2026

കാസർകോട്: പ്രവാസി വ്യവസായിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ യൂട്യൂബർ ഖാദർ കരിപ്പൊടി കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിൽ ഖാദർ കരിപ്പൊടിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് കീഴടങ്ങൽ. കേസിലെ മറ്റൊരു പ്രതിയായ അഷ്റഫും കീഴടങ്ങിയിട്ടുണ്ട്.

നാലുമാസത്തിലധികമായി ഖാദർ കരിപ്പൊടി ഒളിവിലായിരുന്നു. പള്ളിക്കര സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൽ അഹദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഖാദറിനെതിരെയുള്ള കേസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റാഷിദ്, അഷ്റഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

കഴിഞ്ഞ ജൂൺ 27ന് വൈകീട്ട് ഗൾഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൽ അഹദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും സംഘവും ക്രൂരമായി ആക്രമിച്ചെന്നാണ് പരാതി. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് അടിക്കുകയും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇരുമ്പുവടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

സംഘം ചേർന്ന് അബ്ദുൽ അഹദിനെ മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ