ബുധനാഴ്‌ച, നവംബർ 04, 2026


കാസർകോട്: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിന്റെ മൂന്ന് എഡിഷനുകളിലായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. ബിആർഡിസി, ടൂറിസം, ജിഎസ്ടി വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടാണ് യൂത്ത് ലീഗ് സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്.


ടൂറിസം അഡീഷണൽ സെക്രട്ടറി ജഗദീഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ക്യാഷ് ബുക്ക്, സ്റ്റോക്ക് രജിസ്റ്റർ, ടിക്കറ്റ് രജിസ്റ്റർ തുടങ്ങിയ നിർബന്ധമായ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നും ടിക്കറ്റ് വിൽപ്പന കമ്മീഷനായി 39,09,300 രൂപ നൽകിയതിലും ഇവന്റ് മാനേജറെ തിരഞ്ഞെടുത്തതിലും സുതാര്യതയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിശദീകരണം.


ബാങ്ക് ഓഫ് ബറോഡയിൽ നിന്നും കാസർകോട് സിറ്റി ഗോൾഡിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ വീതവും ഇവന്റ് മാനേജ്മെന്റ് കരാറുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപയും ഉൾപ്പെടെ 45 ലക്ഷം രൂപ വരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സമിതി കണ്ടെത്തിയതായി യൂത്ത് ലീഗ് ആരോപിച്ചു. കൂടാതെ 21,54,935 രൂപയുടെ സാമ്പത്തിക പൊരുത്തക്കേടുകളും രേഖകളിലുണ്ടെന്നാണ് വെളിപ്പെടുത്തൽ.


ടിക്കറ്റ് വിൽപ്പനയിൽ ദുരൂഹത


ആദ്യ എഡിഷനിൽ പത്ത് ലക്ഷത്തോളം പേർ പങ്കെടുത്തതായി അവകാശപ്പെടുമ്പോഴും ഔദ്യോഗിക കണക്കുകളിൽ നാല് ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന മാത്രമാണ് കാണിച്ചിട്ടുള്ളതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പ്, ചാർട്ടേഡ് അക്കൗണ്ടന്റ്, അന്വേഷണ റിപ്പോർട്ട്, ബാങ്ക് അക്കൗണ്ട്, ഡേ ബുക്ക് എന്നിവയിൽ അഞ്ച് വ്യത്യസ്ത കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഒറിജിനൽ ടിക്കറ്റുകൾക്ക് പുറമെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സമാന്തരമായി വ്യാജ ടിക്കറ്റുകൾ അച്ചടിച്ച് വിതരണം ചെയ്തതായും ഇതിലൂടെ വലിയ സാമ്പത്തിക ക്രമക്കേട് നടന്നതായും യൂത്ത് ലീഗ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ സ്വതന്ത്ര അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.


ബാങ്ക് അക്കൗണ്ടിലെ ഇടപാടുകളിലും സംശയം


പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെ 12070 നമ്പർ അക്കൗണ്ടിലെ ഇടപാടുകളിലും ഗുരുതരമായ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സർക്കാർ സഹായം, ബിആർഡിസി ഗ്രാന്റ്, സ്പോൺസർഷിപ്പ് എന്നിവയിലൂടെ മൂന്ന് കോടിയിലധികം രൂപ ലഭിച്ചിട്ടും അക്കൗണ്ടിൽ ഒരു കോടി രൂപയുടെ വരവ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും ബാക്കി തുകയുടെ വിനിയോഗം വ്യക്തമല്ലെന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച ഫണ്ടുകൾക്ക് ആവശ്യമായ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു.


സെലിബ്രിറ്റികളുടെ പ്രതിഫലത്തിലും ക്രമക്കേടെന്ന് ആരോപണം


ഫെസ്റ്റിൽ പരിപാടികൾ അവതരിപ്പിക്കാനെത്തിയ പ്രമുഖ കലാകാരന്മാർക്കും സെലിബ്രിറ്റികൾക്കും നൽകിയ പ്രതിഫലത്തിന്റെ കണക്കുകളിലും തിരിമറി നടന്നതായി യൂത്ത് ലീഗ് ആരോപിച്ചു. യഥാർഥത്തിൽ നൽകിയ തുകയേക്കാൾ ഉയർന്ന തുക ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തി പണം വകമാറ്റിയെന്നതാണ് ആരോപണം. ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നാണ് ആവശ്യം.


നിയമനങ്ങളിലും സൊസൈറ്റി രൂപീകരണത്തിലും ചട്ടലംഘനമെന്ന്


ഫെസ്റ്റിന്റെ ആദ്യഘട്ടത്തിൽ ഔദ്യോഗിക തീരുമാനമില്ലാതെയാണ് സി.എച്ച്. കുഞ്ഞമ്പു ചെയർമാനായ സമിതിക്ക് നടത്തിപ്പ് ചുമതല നൽകിയതെന്നും യൂത്ത് ലീഗ് ആരോപിച്ചു. തുടർന്ന് ബേക്കൽ ടൂറിസം പ്രമോഷൻ സൊസൈറ്റി രൂപീകരിച്ചതിലും ജിഎസ്ടി രജിസ്ട്രേഷൻ നേടിയതിലും ക്രമക്കേടുകളുണ്ടായതായി ആരോപണമുണ്ട്. കെട്ടിട ഉടമയുടെ വ്യാജ ഒപ്പിട്ട വാടകക്കരാർ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നേടിയതെന്നും പിന്നീട് ജിഎസ്ടി വകുപ്പ് ഇത് റദ്ദാക്കിയെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.


രണ്ടാം എഡിഷനുമായി ബന്ധപ്പെട്ട് 86 ലക്ഷം രൂപ നഷ്ടം കണക്കാക്കി 50 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടതും ഫിനാൻഷ്യൽ മാനേജർ രേഖാമൂലം എതിർപ്പ് അറിയിച്ചിട്ടും ബിആർഡിസി ഡയറക്ടർ ബോർഡ് തുക അനുവദിച്ചതും സംശയാസ്പദമാണെന്നാണ് ആരോപണം.


മുൻ ബിആർഡിസി എംഡി ഷിജിൻ പറമ്പത്തുമായി ബന്ധപ്പെട്ട സ്വത്ത് വിവരങ്ങൾ, വിദേശയാത്രകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ഷിജിൻ പറമ്പത്തിനെതിരെയും യൂത്ത് ലീഗ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.


ബീച്ച് ഫെസ്റ്റിന്റെ മൂന്ന് എഡിഷനുകളിലെയും വരവ്-ചെലവ് കണക്കുകൾ, ടിക്കറ്റ് അച്ചടി-വിതരണം, ബാങ്ക് ഇടപാടുകൾ, സ്പോൺസർഷിപ്പ് തുകകൾ, സെലിബ്രിറ്റികൾക്ക് നൽകിയ പ്രതിഫലം, ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകൾ എന്നിവ സമഗ്രമായി പരിശോധിക്കണമെന്നാണ് മുസ്ലിം യൂത്ത് ലീഗിന്റെ ആവശ്യം.


കാസർകോട് നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ ട്രഷറർ അഡ്വ. ടി.കെ. ഹസീബ്, ഉദുമ മണ്ഡലം സെക്രട്ടറിമാരായ തൻസീർ കണിയമ്പാടി, ജൗഹർ ഉദുമ എന്നിവർ പങ്കെടുത്തു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ