വ്യാഴാഴ്‌ച, നവംബർ 19, 2026



കൊച്ചി ∙ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ സിപിഎം നേതാക്കളായ പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവരെ വെറുതെവിട്ടു. കേസിൽ 32–ാം പ്രതിയാണ് പി.ജയരാജൻ. ടി.വി.രാജേഷ് 33–ാം പ്രതിയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ് ഉൾപ്പെടെ 33 പ്രതികളാണ് കേസിലുള്ളത്. കേസിലെ 19-ാം പ്രതിയായ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും വെറുതെ വിട്ടു.  


11 പേരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർ: ഒന്നാം പ്രതി കെ.വി.സുമേഷ്, മൂന്നാം പ്രതി അനൂപ്, 7–ാം പ്രതി പവിത്രൻ, 9–ാം പ്രതി മനോഹരൻ, 10–ാം പ്രതി ദിനേശൻ, 12–ാം പ്രതി ബിജു, 14–ാം പ്രതി രാധാകൃഷ്ണൻ, 15–ാം പ്രതി ഷിജിൻ മോഹനൻ, 25–ാം പ്രതി വി.വി മോഹനൻ, 27–ാം പ്രതി അജിത് കുമാർ, 28–ാം പ്രതി പി.പി.സുരേശൻ.


അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി.ജയരാജനും ടി.വി.രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം.


2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വച്ച് 18 വയസ്സുകാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷമാണ് സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തിയത് എന്നുമാണ് കേസ്.

കേസിൽ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്‍ജിയില്‍ 2016 ഫെബ്രുവരിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വർഷത്തിനു ശേഷം 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ