തിങ്കളാഴ്‌ച, നവംബർ 16, 2026





നീലേശ്വരം: യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്രധാന ദീർഘദൂര ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വെളിപ്പെടുത്തി.


11097/11098 പൂനെ–എറണാകുളം പൂർണ എക്സ്പ്രസ്, 16621/16622 രാമേശ്വരം–മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് നീലേശ്വരത്ത് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്. ഇതുസംബന്ധിച്ച് താൻ നൽകിയ കത്ത് പരിഗണിച്ചാണ് റെയിൽവേ മന്ത്രിയുടെ തീരുമാനമെന്ന് സുരേഷ് ഗോപി അറിയിച്ചു.


ആവശ്യം അനുഭാവപൂർവം പരിഗണിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും സുരേഷ് ഗോപി നന്ദിയും അഭിനന്ദനവും അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്കും നാടിന്റെ വികസനത്തിനും കേന്ദ്രസർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, രണ്ട് ട്രെയിനുകൾക്കും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം താൻ നേരത്തെ ഉന്നയിച്ചിരുന്നുവെന്നും തന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും അവകാശപ്പെട്ടിരുന്നു.


ഇതുമായി ബന്ധപ്പെട്ട് നൽകിയ നിവേദനത്തിന് കേന്ദ്ര റെയിൽവേ മന്ത്രിയും രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്ററും നൽകിയ അറിയിപ്പ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.എൽ. അശ്വിനിയും നേരത്തെ പുറത്തുവിട്ടിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ