നാസിക്: അച്ഛൻ പീഡിപ്പിച്ച അഞ്ച് വയസുകാരിയെ മുത്തശി കൊന്ന് കുഴിച്ചുമൂടി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ജവുലാക് വാനി ഗ്രാമത്തൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാസിക് സ്വദേശിയായ സച്ചിൻ ഷിൻഡ മുത്തശി അനസൂയ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ഷിൻഡെ അഞ്ച് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. പീഡനത്തിന് സാക്ഷിയായ അമ്മ മകനെ രക്ഷിക്കുന്നതിന് വേണ്ടി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കൽവാൻ ഡി.വെെ.എസ്.പി ദേവിദാസ് പട്ടീൽ പറഞ്ഞു. കൊലപ്പെടുത്തിയതിന് ശേഷം കുട്ടിയുടെ മൃതദേഹം അടുത്തുള്ള സ്‌കൂൾ വളപ്പിൽ മറവ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപ്പെടുത്തിയതിന് ശേഷം ഇവർ തന്നെ പെൺകുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
0 Comments