കൊച്ചിയില്‍ ഡേ കെയറില്‍ കൊച്ചുകുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം; ഉടമ കസ്റ്റഡിയില്‍

കൊച്ചിയില്‍ ഡേ കെയറില്‍ കൊച്ചുകുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം; ഉടമ കസ്റ്റഡിയില്‍

കൊച്ചി: പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയറില്‍ കൊച്ചുകുട്ടികള്‍ക്ക് ക്രൂരപീഡനം. കുട്ടികളെ ഉടമയായ സ്ത്രീ മര്‍ദ്ദിക്കുകയും ശകാരിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. ഇതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായ എത്തുകയും ഉടമ മിനിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന 'കളിവീട്' എന്ന ഡേ കെയറിലാണ് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റത്. ഒന്നരവയസ്സുള്ള കുട്ടിയെ ഉടമ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്ന ദൃശ്യമാണ് രക്ഷിതാക്കള്‍ ഒളികാമറിയില്‍ പകര്‍ത്തി ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

പല പ്രായത്തിലുള്ള 20 ഓളം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ മുന്‍പും വിവരം അന്വേഷിച്ചിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടെ വീണതാണെന്നായിരുന്നു ഉടമയുടെ മറുപടി. പിന്നീട് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ഉടമ വടിയും കൈകൊണ്ടും കുട്ടികളെ അടിക്കാറുണ്ടെന്നും പാട് വെള്ളംകൊണ്ട് തുടച്ചുകളയാന്‍ തങ്ങളോട് പറയാറുണ്ടെന്നും വ്യക്തമാക്കി. സ്ഥാപനത്തില്‍ പോകാന്‍ കുട്ടികള്‍ മടി കാണിക്കുന്നതും പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ പ്രകടിപ്പിച്ചതും അധ്യാപികയെ കാണുമ്പോള്‍ ഭയക്കുന്നതും ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ തന്നെയാണ് മര്‍ദ്ദനത്തിന്റെ രംഗം പകര്‍ത്തിയത്. കുട്ടികളെ ഉടമ മിനി അടിക്കുന്ന വിവരം അവിടുത്തെ ജീവനക്കാരികളും സമ്മതിച്ചു. മറ്റു കുട്ടികളും മര്‍ദ്ദനത്തിന്റെ വിവരം പറയുന്നുണ്ട്. എന്നാല്‍ കുട്ടികളെ താലോലിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഉടമയുടെ വിശദീകരണം.

വീഡിയോ പുറത്തുവന്നതിനു പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈനും ഡേ കെയറില്‍ എത്തി പരിശോധന നടത്തി. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഉടമയെ കസ്റ്റഡിയില്‍ എടുത്തു. ഈ സ്ഥാപനത്തിന്റെ ലൈസന്‍സും മറ്റും പരിശോധിച്ചുവരികയാണ്. കൊച്ചി മേയര്‍ സൗമിനി ജെയ്‌നും സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരു മാസത്തേക്ക് 1500 രൂപ മുതല്‍ 3500 രൂപ വരെ ഫീസ് ഈടാക്കിയാണ് ഈ ഡേ കെയറില്‍ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്.

Post a Comment

0 Comments