'എം കേരളം' മൊബൈൽ ആപ്ലിക്കേഷൻ ജൂണിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

'എം കേരളം' മൊബൈൽ ആപ്ലിക്കേഷൻ ജൂണിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ 'എം കേരളം' ജൂണിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 13 വകുപ്പുകളുടെ 50 ഓളം സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. ഇ- ഡിസ്ട്രിക്ട് മുഖേന നൽകിവരുന്ന സേവനങ്ങളും മൊബൈൽ ആപ്ലിക്കേഷനിൽപെടുത്തും. ഇലക്ട്രോണിക് സേവന സൗകര്യങ്ങൾ എല്ലാ വകുപ്പുകളിലും നടപ്പാക്കും. സർക്കാർ സേവനങ്ങൾ ഏകജാലക പോർട്ടൽ വഴി ലഭ്യമാക്കുന്നതും ജൂണിൽ തുടങ്ങും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിന് ഭൂമിയേറ്റെടുക്കലിലെ തടസങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ജനങ്ങളെ ബോധവത്കരിക്കേണ്ട ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ തന്നെ ഭൂമിയേറ്റെടുക്കൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നു. ഇത് ശരിയായ സമീപനമല്ല. വികാരത്തോടൊപ്പം നിന്നാൽ വിമാനത്താവള വികസനം ഉണ്ടാകില്ല. ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയപ്പോൾ ശക്തമായ എതിർപ്പായിരുന്നു, എന്നു കരുതി നടപടികൾ ഉപേക്ഷിക്കില്ല. സംഘർഷാവസ്ഥയില്ലാതെ ഭൂമിയേറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം പേട്ട വില്ലേജിൽപ്പെട്ട 18 ഏക്കർ സ്ഥലത്തെക്കുറിച്ചാണ് തർക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. 71 ക്രിമിനൽ കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഈ കേസുകളിലായി 929 പ്രതികളുണ്ട്. സർക്കാർ സ്വത്തുക്കൾ നശിപ്പിച്ച ഏഴു കേസുകളും പിൻവലിച്ചു. പ്രതികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം6, കൊല്ലം 5, ആലപ്പുഴ 2, കോട്ടയം4, എറണാകുളം14, തൃശൂർ3, മലപ്പുറം6, കോഴിക്കോട്1, വയനനാട്8, കണ്ണൂർ 21, കാസർകോഡ് 1.

Post a Comment

0 Comments