പള്ളിക്കര: അറേബ്യന്‍ നഗരങ്ങളിലെ പുരാതന പള്ളികളുടെ മാതൃകയില്‍ തൊട്ടിയില്‍ നിര്‍മ്മിക്കപ്പെട്ട മുസ്ലിം പള്ളി ഇന്ന് വൈകുന്നേരം നാല് മണിക്ക് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
രൂപഭംഗിയില്‍ മാത്രമല്ല, ശില്‍പചാരുതയിലും അനുബന്ധ നിര്‍മ്മാണങ്ങളിലും അറേബ്യന്‍ സംസ്‌കാരവുമായി ഏറെ സാമ്യം പുലര്‍ത്തുന്ന രീതിയിലാണ് പള്ളി പണി പൂര്‍ത്തിയായിരിക്കുന്നത്. ചിരപുരാതന അറബ് നാഗരികതയുടെ പ്രൗഢി വിളിച്ചോതുന്ന മനോഹരമായ ഇന്റീരിയല്‍ ഡിസൈനിംഗും ഖുര്‍ആനിക സൂക്തങ്ങളുടെ കൊത്തുപണികളും പള്ളിയെ മികവുറ്റതാക്കുന്നു. പ്രത്യേക രീതിയില്‍ പണി കഴിപ്പിച്ച ഹൗളുകളും അത്യാകര്‍ഷകമായ ഖുബ്ബകളും കമാനങ്ങളുമാണ് മറ്റൊരു സവിശേഷത. കഅ്ബയുടെ കൊത്തു പണികളുമായി നിര്‍മിച്ച വാതിലുകളാണ് പള്ളിക്കുള്ളത്. പള്ളി പരിസരത്തൊരുക്കിയ വിശാലമായ ഇന്തപ്പനത്തോട്ടവും ചുറ്റുമുള്ള പ്രഭാവലയവും അറബ് നാടുകളെ അനുസ്മരിപ്പിക്കുന്നതാണ്. പഴയകാലം മുതലേ ഗള്‍ഫ് രാഷ്ട്രങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണ് തൊട്ടി നിവാസികള്‍. ഈ ബന്ധമാണ് ഇങ്ങനെയൊരു പള്ളി നിര്‍മ്മാണത്തിന് കാരണമായത്. അറേബ്യന്‍ നിര്‍മ്മാണ വൈദഗ്ദ്യവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന പള്ളി ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് പള്ളി ഇമാം സുഹൈല്‍ അസ്ഹരി പള്ളങ്കോട് പറയുന്നു. എഞ്ചിനീയര്‍ സെബാസ്റ്റ്യന്‍ ആണ് രൂപകല്‍പന നിര്‍വ്വഹിച്ചത്. നിരവധി പേരാണ് പള്ളി സന്ദര്‍ശിക്കാന്‍ ഇതിനകം എത്തിച്ചേര്‍ന്നത്.
ഇന്ന് വൈകുന്നേരം നാലരക്ക് തൊട്ടിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന പൊതുസമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തൊട്ടി സ്വാലിഹ് ഹാജി അധ്യക്ഷനായിരിക്കും. ജന. സെക്രട്ടറി ഹംസ ബേങ്ക് സ്വാഗതം പറയും. ഹാഫിള് അസീം ഹഫീള് തൊട്ടി ഖിറാഅത്ത് നടത്തും. ചടങ്ങില്‍ പഴയ കാല ജമാഅത്ത് കമ്മിറ്റി സാരധികളെ ആദരിക്കും. തൊട്ടിയുടെ സമഗ്ര ചരിത്രം പ്രതിപാദിക്കുന്ന സുവനീര്‍ ഹൈദരലി തങ്ങള്‍ പ്രകാശനം ചെയ്യും. അസീസ് മാളികയില്‍ ഏറ്റുവാങ്ങും. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവെളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, കെ.കെ മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, അബ്ദുല്ലത്വീഫ് ഫൈസി പൂനൂര്‍, സുഹൈല്‍ അസ്ഹരി പള്ളങ്കോട് പ്രസംഗിക്കും. ബുര്‍ദ്ധ മജ്‌ലിസിന് ഹാഫിള് സ്വാദിഖ് അലി അല്‍ ഫാളിലി നേതൃത്വം നല്‍കും.
നാളെ രാത്രി ഏഴിന് നടക്കുന്ന മത പ്രഭാഷണം സമസ്ത ജില്ലാ ജന. സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എം അബ്ദുല്‍ റഹ്മാന്‍ ഹാജി അധ്യക്ഷനായിരിക്കും. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി മുനീര്‍ തമന്ന സ്വാഗതം പറയും. ഹാഫിള് തംജീദ് തൊട്ടി ഖിറാഅത്ത് നടത്തും. ഹാഫിള് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. ചൊവ്വാഴ്ച രാത്രി ഏഴിന് എം.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് പ്രഭാഷണം നടത്തും. നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എം സ്വാലിഹ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍ റഹ്മാന്‍ ഹുദവി സ്വാഗതം പറയും.
0 Comments