തിരുവനന്തപുരം: നികുതി ഇളവ് നേടുന്നതിന് തന്റെ ഓഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കാന്‍ നടനും എംപിയുമായ സുരേഷ് ഗോപിയോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. നികുതി ഇളവിനായി സുരേഷ് ഗോപി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ കാറ് രജിസ്റ്റര്‍ ചെയ്തുവെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ 13നകം രേഖകള്‍ ഹാജരാക്കണമെന്ന് തിരുവനന്തപുരം ആര്‍.ടി.ഒ സുരേഷ് ആണ് നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തിനകം കേരളത്തിലേക്ക് മാറ്റണമെന്നാണ് നിയമം. എന്നാല്‍ സുരേഷ് ഗോപി ഇത് ലംഘിച്ചു. ഇതില്‍ സുരേഷ് ഗോപി വിശദീകരണം നല്‍കേണ്ടി വരും. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിശദീകരണം നല്‍കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഇതേതുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയത്.
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത നടന്‍ ഫഹദ് ഫാസിലും രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ എന്‍.ഒ.സിക്ക് അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ മാറ്റുമെന്ന് ഫഹദ് വ്യക്തമാക്കി.
0 Comments