ബുധനാഴ്‌ച, നവംബർ 22, 2017
ബോവിക്കാനം: ആലൂരില്‍ വ്യാപക മണല്‍കൊള്ള, ഇതരസംസ്ഥാന തൊഴിലാളികളായ  എൺപതോളം പേരെ ഉപയോഗിച്ച് പുഴയിൽനിന്ന് വ്യാപകമായ മണൽ കടത്തുന്നതായി നാട്ടുകാർ മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ പരാതിപ്പെട്ടു. ആലൂര്‍, മീത്തല്‍ ആലൂര്‍, മുണ്ടക്കൈ, കല്ലുകവള എന്നിവിടങ്ങളില്‍ നിന്നാണ് പൂഴി കടത്തുന്നത്. നിരവധി  ഫൈബർ ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ച് പൂഴിയെടുത്ത് പത്തിലേറെ  ടിപ്പർ ലോറികളിലായാണ് പൂഴി കടത്തുന്നത്.
ഒരു ദിവസം അമ്പതോളം ലോഡ് മണല്‍ കടത്തുന്നുണ്ട്. പുഴയിൽ മണൽ ക്ഷാമം ഉള്ളതായി വ്യക്തമായതിനാൽ അംഗീകൃത കടവുകൾ പോലും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഇവിടെ  നിന്നാണ് മണല്‍ എടുക്കുന്നത്. ബാവിക്കര പമ്പിൽ ഹൗസിനു സമീപം പ്രദേശങ്ങളിലാണ് ഇതര സംസ്ഥാനത്ത്  തൊഴിലാളികൾ താമസിക്കുന്നത്. ഇവർ മലമൂത്ര വിസർജനം നടത്തുന്നതും ഈ വെള്ളത്തിലാണ് ഈ വെള്ളമാണ് വാട്ടർ അതോറിറ്റി പമ്പ് ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോലീസ് കടവുകള്‍ നശിപ്പിച്ചിരുന്നു. എന്നാൽ വീണ്ടും കടവുകൾ പണിതാണ് മണൽ കടത്തുന്നത്. ആദൂർ പോലീസ്  സ്റ്റേഷനിലെ ചില പോലീസുകാർക്ക് മണൽ മാഫിയയും ആയി ബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്. പരാതി പറഞ്ഞാൽ പോലീസുകാർ വന്ന് പോകുന്നത് അല്ലാതെ നടപടിയെടുക്കുന്നില്ല. കൂടാതെ പരാതി പറഞ്ഞവരുടെ വിവരങ്ങൾ പോലും മണൽ മാഫിയയ്ക്ക് ലഭിക്കുന്നുവെന്നാണ് ഇവർ പറയുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ