വ്യാഴാഴ്‌ച, നവംബർ 23, 2017
കാഞ്ഞങ്ങാട്: പടന്നക്കാട് കരുവളത്തെ 31ാം വാര്‍ഡിലെ ജാനകിയമ്മയെ മക്കള്‍ ആട്ടിയിറക്കിയിട്ടും മക്കളെ ഒരു വാക്കുകൊണ്ടു പോലും ശപിക്കാതെ അവരുടെ വിളിയും കാത്ത് കഴിയുകയാണ് ജാനകിയമ്മ. 80 വയസ്സായിട്ടും വാര്‍ദ്ധക്യ സഹജമായ ഒരു അസുഖവും ഇല്ലാത്ത ഈ അമ്മയ്ക്ക് കിടക്കാന്‍ ഒരു സ്ഥലവും ഭക്ഷണവും മാത്രം നല്‍കിയാല്‍ വീട്ടിലെ മറ്റെല്ലാ ജോലിയും ചെയ്യാന്‍ തയ്യാറാണ്.

നാലു മക്കളും കൂടി ചേര്‍ന്ന് നോക്കുമെന്ന് കരുതി സ്വന്തമായുണ്ടായിരുന്ന ഒന്നരയേക്കര്‍ സ്ഥലം അവരുടെ പേരില്‍ എഴുതിക്കൊടുത്തിരുന്നു. ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെങ്കിലും അവരെയൊന്നും വേദനിപ്പിക്കാതെ സ്വയം കണ്ണീരൊഴുക്കയാണ് ഈ അമ്മ.

കഴിഞ്ഞ ദിവസം  വീട്ടില്‍ നിന്ന് ഇറക്കി വിട്ട അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ എല്‍.സുലൈഖയുടെ അടുത്ത് എത്തിക്കുകയും രണ്ടുമാസം തോറും ഓരോ മക്കളും അമ്മയെ നോക്കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും ഒരുതരത്തിലുള്ള മറുപടിയും അവര്‍ നല്‍കിയില്ല. എന്നാല്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നഗരസഭ യിലെ അഭയകേന്ദ്രമായ സ്‌നേഹിതയില്‍ എത്തിക്കുകയായിരുന്നു. അമ്മയുടെ സംരക്ഷണത്തിന് ആവശ്യമായ മുഴുവന്‍ സഹായവും ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ