വെള്ളിയാഴ്‌ച, നവംബർ 24, 2017
കാഞ്ഞങ്ങാട്: (WWW.MEDIAPLUSNEWS.COM) ജില്ലയില്‍ ദേശീയ പാതയില്‍ അപകടം പതിവാകുന്നു. ഒരുമാസത്തിനിടെ ആറോളം അപകടങ്ങളില്‍ മരിച്ചത് അഞ്ചോളം പേര്‍. പൊയിനാച്ചി മുതല്‍ മാവുങ്കാല്‍ വരെയുള്ള ഇടങ്ങളിലാണ് ഇങ്ങനെ മരണ സംഖ്യ ഉയര്‍ന്ന് നില്‍ക്കുന്നത്. പെരിയ മൂന്നാം കടവ്,പൊയിനാച്ചിയിലെ വട്ടത്തൂര്‍, മാവുങ്കാല്‍ എന്നിവിടങ്ങളിലാണ് ഇങ്ങനെ അപകടങ്ങളില്‍ ആളുകള്‍ മരിച്ചത്. ഇതില്‍ രണ്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍പ്പെട്ടവാരണ്. അപകടങ്ങളില്‍ പരിക്കേറ്റ് മറ്റുള്ളവര്‍ ഇപ്പോഴും ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം പെരിയയില്‍ മാത്രം നടന്ന അപകടങ്ങളില്‍ മരിച്ചത് രണ്ടു പേരാണ്. ചിലയിടങ്ങളിലെ കാലപ്പഴക്കം ചെന്ന റോഡും അമിതവേഗതയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.  കഴിഞ്ഞ മാസം 25 ന് പെരിയ മൂന്നാം കടവിലെ വളവില്‍ ലോറി മറിഞ്ഞ ജാര്‍ഖണ്ഡ് സ്വദേശി മരിച്ചിരുന്നു. മൂന്നാം കടവിലെ റോഡ് അത്ര പരിചയം ഇല്ലാത്ത ഡ്രൈവര്‍മാര്‍ ആണെങ്കില്‍ അപകട സാധ്യത കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു. അതിരാവിലെ ഇതുവഴി യാത്ര ചെയ്യുന്നത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നു. ദേശീയപാതയിലെ പല അപകടങ്ങള്‍ക്കും കാരണമാകുന്നത് ഡിവൈഡറുകളില്‍ പതിച്ച റിഫ്ലക്ടരുകള്‍ പ്രകാശിക്കാത്തതും വഴി വിളക്കു നോക്കുകുത്തിയായതുമാണ്. ഡിവൈഡറില്‍ പലയിടത്തും പുല്ല് മൂടി റിഫ്ലക്ടറുകള്‍ പ്രകാശിക്കാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. ഈ കാരണങ്ങള്‍ കൊണ്ട് എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളെ കൃത്യമായി കാണാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പരിഹാരം കാണാന്‍ അധികൃതരുടെ കണ്ണുതുറക്കുന്നില്ല. മനുഷ്യ ജീവനുപോലും വിലകല്‍പ്പിക്കാതെ അടുത്ത അപകടത്തിനായി കാത്തുനില്‍ക്കുകയാണ് ബന്ധപ്പെട്ട അധികാരികള്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ