ന്യൂഡൽഹി: മുടങ്ങി കിടന്ന ഹോമിയോ പഠനം പൂർത്തിയാക്കണമെന്ന ഹാദിയയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. സേലത്തെ ശിവരാജ് മെഡിക്കൽ കോളജിൽ ബി.എച്ച്.എം.എസ് ഹൗസ് സർജൻസി പുനരാരംഭിക്കാൻ അനുമതി നൽകിയ കോടതി, വേണ്ട നടപടി സ്വീകരിക്കാൻ കോളജ് അധികൃതർക്ക് നിർദേശം നൽകി. ഇക്കാലയളവിൽ കോളജ് ഡീനിനെ ഹാദിയയുടെ രക്ഷകർത്താവായി പുനർനിശ്ചയിച്ചു.
താമസത്തിന് കോളജിലെ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും. പഠന കാലയളവിൽ ഹാദിയയുടെ സുരക്ഷാ ചുമതല തമിഴ്നാട്, കേരളാ സംസ്ഥാനങ്ങളിലെ പൊലീസ് വഹിക്കണം. സേലത്തെ കോളജിൽ കേരളാ സർക്കാർ ഹാദിയയെ എത്തിക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ഹാദിയയെ ഭർത്താവിനൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ വിടുന്ന കാര്യത്തിലും വിവാഹം റദ്ദാക്കിയ ഹൈകോടതി വിധി സംബന്ധിച്ചും സുപ്രീംകോടതി അന്തിമ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.
സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് മുമ്പാകെ മുൻ നിലപാട് ആവർത്തിക്കുകയാണ് ഇന്ന് ഹാദിയ ചെയ്തത്. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഭർത്താവിനൊപ്പം ജീവിക്കണമെന്നും തുറന്ന കോടതിയിൽ അവർ വ്യക്തമാക്കി. ഭർത്താവ് ശഫിൻ ജഹാനെ കാണണമെന്നും തന്നെ വിശ്വാസ പ്രകാരം ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ വിശദീകരിച്ചു.
മുടങ്ങിപ്പോയ മെഡിക്കൽ പഠനം പൂർത്തിയാക്കാൻ അനുമതി നൽകണം. ഭർത്താവിന്‍റെ ചെലവിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. പഠനചെലവ് വഹിക്കാൻ ഭർത്താവിന് സാധിക്കും. പഠനത്തിന് സർക്കാർ ചെലവ് ആവശ്യമില്ലെന്നും ഹാദിയ കോടതിയിൽ പറഞ്ഞു. ഡൽഹിയിലേക്ക് പോകവെ നെടുമ്പാശേരി വിമാനത്താവളത്തിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞ നിലപാടാണ് ഹാദിയ കോടതിയിലും ആവർത്തിച്ചത്.
മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാരുടെ ചോദ്യത്തിന് മലയാളത്തിലാണ് ഹാദിയ മറുപടി നൽകിയത്. മലയാളത്തിൽ മൊഴി നൽകാമെന്ന് പറഞ്ഞ ഹാദിയക്ക് പരിഭാഷകനെ ഉപയോഗിക്കാൻ കോടതി അനുമതി നൽകി. കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാവുന്ന അഭിഭാഷകൻ വി.വി ഗിരിയാണ് ഹാദിയ മലയാളത്തിൽ പറയുന്ന മൊഴികൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്. ഹാദിയയുടെ നിലപാട് അറിഞ്ഞ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി.
നേരത്തെ, ഹാദിയയെ അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന പിതാവ് അശോകന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഹാദിയയുടെ നിലപാട് തുറന്ന കോടതിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേട്ടത്. കേസിൽ ഹാദിയയുടെ നിലപാടാണ് കോടതി ആദ്യം അറിയേണ്ടതെന്ന് ശഫിൻ ജഹാന്‍റെ അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ച വാദം കണക്കിലെടുത്താണ് മൂന്നംഗ ബെഞ്ചിന്‍റെ നടപടി.
ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ടെന്ന് കപിൽ സിബൽ കോടതിയിൽ വാദിച്ചു. തെറ്റാണെങ്കിലും അത് അവളുടെ തീരുമാനമാണ്. അതിന്‍റെ അനന്തരഫലം അവൾ അനുഭവിക്കും. വ്യക്തി സ്വാതന്ത്ര്യ പ്രശ്നത്തിന് വർഗീയ നിറം നൽകരുത്. എൻ.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണ്. ഹാദിയയെ കേൾക്കുന്നതിന് പകരം വാർത്താ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്ന വിഷമാണ് നാം ചർച്ച ചെയ്യുന്നതെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഹാദിയ കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കരുതെന്ന് പിതാവ് അശോകന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കേസിന് സാമുദായിക മാനങ്ങളുണ്ട്. കോടതി മുറിയിൽ പോലും വർഗീയ അന്തരീക്ഷം നിലനിൽക്കുന്നു. അതിനാൽ രഹസ്യവാദം കേൾക്കണം. ശഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ട്. വിഷയത്തിൽ സംഘടിത ശക്തികളുടെ പ്രവർത്തനമുണ്ട്. ജഡ്ജിമാരും ഹാദിയയും തമ്മിൽ സംസാരിക്കണം. തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ശഫിൻ ജഹാന് തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ അഭിഭാഷകൻ വാദിച്ചു. ഐ.എസ് പ്രവർത്തകനുമായി ശഫിൻ ജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടു. ഹാദിയക്ക് ഇസ് ലാമിക ആശയങ്ങൾ അടിച്ചേൽപിച്ചത് സൈനബയാണ്. സത്യസരണി മതം മാറ്റ കേന്ദ്രമാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ട്. നിലവിൽ ഏഴ് കേസുകൾ അന്വേഷണത്തിലാണ്. മതപരിവർത്തനത്തിനായി വലിയ ശൃംഖലയുണ്ട്. ഈ സംഘടനകളുടെ സ്വാധീനത്തിലാണ് ഹാദിയയുടെ ഇപ്പോഴത്തെ നിലപാട്. ശഫിൻ ജഹാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും എൻ.ഐ.എ കോടതിയിൽ ബോധിപ്പിച്ചു. ഷഫീൻ ജഹാന് വേണ്ടി കപിൽ സിബലും അശോകന് വേണ്ടി ശ്യാം ദിവാനുമാണ് സുപ്രീംകോടതിയിൽ ഹാജരായത്.
ചൂടേറിയ വാദ പ്രതിവാദങ്ങളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് മുമ്പാകെ നടന്നത്. വാദത്തിനിടെ കേസിനെ "സ്റ്റോക്ഹോം സിൻഡ്രോം" എന്ന് സുപ്രീംകോടതി പരാമർശിച്ചതായും റിപ്പോർട്ടുണ്ട്. ബന്ദികൾക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസികനിലയാണിത്. ഇത്തരം സാഹചര്യത്തിൽ തീരുമാനം സ്വന്തമാണെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, കോടതി പരാമർശത്തെ ഹാദിയ കേസുമായി ബന്ധപ്പെടുത്തേണ്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. ഷഫീൻ ജഹാന് വേണ്ടി കപിൽ സിബലും അശോകന് വേണ്ടി ശ്യാം ദിവാനും എൻ.ഐ.എ അഭിഭാഷകനും ആണ് കോടതിയിൽ ഹാജരായത്.
മൂന്നു മണിയോടെ കനത്ത സുരക്ഷയിലാണ് തന്റെ ഭാഗം പറയാനായി ഹാദിയയെ സുപ്രീംകോടതിയിൽ എത്തിച്ചത്. കേരളാ ഹൗസിൽ നിന്ന് ഡൽഹി പൊലീസിന്‍റെ ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഹാദിയയെയും മറ്റുള്ളവരെയും കോടതിയിൽ എത്തിച്ചത്. ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാനും കോടതിയിൽ ഹാജരായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ