ഞായറാഴ്‌ച, ഡിസംബർ 03, 2017
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഗതിമാറി വന്ന ചുഴലിക്കാറ്റാണ് ഓഖിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് നവംബര്‍ 30ന് 12 മണിക്കാണെന്നും ദേശീയ ദുരന്തമാക്കി പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കണ്ണന്താനവും മുഖ്യമന്ത്രിയും.

ഓഖിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സംസ്ഥാനത്തെത്തും. സേന നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് മന്ത്രിയുടെ സന്ദര്‍ശനം. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് തിരുവനന്തപുരം ശംഖുമുഖത്തെ ടെക്നിക്കല്‍ ഏരിയയില്‍ മന്ത്രിയെത്തുന്നത്. പ്രതിരോധമന്ത്രി രണ്ടു ദിവസം ഇവിടെ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയശേഷം റോഡ് മാര്‍ഗമാകും അവര്‍ എത്തുക. തിരിച്ച് തിരുവനന്തപുരത്തെത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കരസേന സജ്ജമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ നാവികസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഇതുവരെ സംസ്ഥാനത്തു നിന്നും 16 പേരുടെ ജീവനാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടുപോയത്. ഇനിയും നൂറോളം ആളുകളെ കണ്ടെത്താനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. കടലില്‍ കാണായ 29 പേരെ കൂടി രക്ഷിച്ചു. നാവികസേനയും കോസ്റ്റു ഗാര്‍ഡും കഴിഞ്ഞ 72 മണിക്കൂറായി നടത്തിയ തെരച്ചിലിനുശേഷമാണ് 29 പേരെ രക്ഷിക്കാനായത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഓഖി ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുഖ്യമന്ത്രിക്കും കണ്ണന്താനത്തിനും പുറമേ മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ