ഞായറാഴ്‌ച, ഡിസംബർ 17, 2017
തിരുവനന്തപുരം: ജി.എസ്.ടി. മൂലം നികുതിവരുമാനം കുറഞ്ഞതിനേച്ചൊല്ലി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ കൊമ്പുകോര്‍ക്കുന്നു. കേരളം നികുതിപിരിവില്‍ വീഴ്ചവരുത്തുന്നതാണു മൂന്നുമാസമായി വരുമാനം കുറയാന്‍ കാരണമെന്നു കേന്ദ്രസര്‍ക്കാര്‍. നികുതിമേഖലകള്‍ വിഭജിച്ചു നല്‍കാതെയും സാങ്കേതികസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയും കേരളത്തെ കേന്ദ്രം സാമ്പത്തിക അടിമയാക്കുന്നുവെന്നു സംസ്ഥാനസര്‍ക്കാര്‍.

ജി.എസ്.ടി. പ്രകാരം ഒന്നരക്കോടിവരെ വിറ്റുവരവുള്ളവരുടെ നികുതി പിരിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരുകള്‍ക്കാണ്. അതിനുമേല്‍ വിറ്റുവരവുള്ളവരുടെ നികുതിയാണു കേന്ദ്രം പിരിക്കുന്നത്. ഇതില്‍നിന്നാണു കേന്ദ്രത്തിനും സംസ്ഥാനത്തിനും 50:50 അനുപാതത്തില്‍ വിഹിതം ലഭിക്കുന്നത്. എന്നാല്‍, 1.5 കോടിവരെ വിറ്റുവരവുള്ളവരില്‍നിന്നു നികുതി പിരിക്കുന്നതില്‍ കേരളം വീഴ്ചവരുത്തിയെന്നും അതിനാല്‍ നടപടി കര്‍ശനമാക്കണമെന്നും കഴിഞ്ഞ ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ നിര്‍ദേശിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തികസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്നും ജി.എസ്.ടി. നിയമപ്രകാരം നികുതി പിരിക്കാനുള്ള അധികാരം വിഭജിച്ചു നല്‍കാതെയാണു കേന്ദ്രനീക്കമെന്നും സംസ്ഥാന ജി.എസ്.ടി. വകുപ്പ് ആരോപിക്കുന്നു. 1.5 കോടി രൂപ വിറ്റുവരവ് മാനദണ്ഡമാക്കി ഏഴു സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് നികുതിപിരിവിനുള്ള അധികാരം വിഭജിച്ചു നല്‍കിയിട്ടുള്ളത്.

കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ 1.5 കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ ശക്തമായി ഇടപെടാന്‍ കേരളത്തിനു കഴിയുന്നില്ല. അതിനുള്ള അധികാരവും കേന്ദ്രം നല്‍കിയിട്ടില്ല. ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഓണ്‍െലെനായാണ്. എന്നാല്‍ സംസ്ഥാന ജി.എസ്.ടി. വകുപ്പിന് അതുമായി ബന്ധപ്പെട്ട വെബ്‌െസെറ്റില്‍ കയറാന്‍പോലും കഴിഞ്ഞിട്ടില്ല. െസെറ്റ് തുറന്നുകിട്ടിയാലേ റിട്ടേണ്‍സ് പരിശോധിച്ച് നികുതിവെട്ടിപ്പ് കണ്ടെത്താന്‍ കഴിയൂ. നികുതി വെട്ടിപ്പിനു പിഴ ഈടാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും റിട്ടേണ്‍സ് പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ അതു സാധിക്കുന്നില്ല. എന്നാല്‍, കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കു റിട്ടേണുകള്‍ കാണാന്‍ കഴിയുന്നതിനാല്‍ കേന്ദ്രത്തിന്റെ നികുതിപിരിവ് കാര്യക്ഷമമാണെന്നും സംസ്ഥാന ജി.എസ്.ടി. വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അര്‍ഹമായ നികുതി ആനുകൂല്യം വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നില്ലെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗം വിലയിരുത്തിയിരുന്നു. ഇതിനെതിരേ കര്‍ശനനടപടിയെടുക്കാനും നിര്‍ദേശിച്ചു. നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിനു പകരം ജി.എസ്.ടിയിലൂടെ സാമ്പത്തികസ്വാതന്ത്ര്യം കവരാനുള്ള നീക്കമാണു നടക്കുന്നതെന്നു സംസ്ഥാനസര്‍ക്കാര്‍ ആരോപിക്കുന്നു.

1.5 കോടിവരെ വിറ്റുവരവുള്ളവരില്‍നിന്നു മുമ്പ് കേന്ദ്രത്തിനു കാര്യമായ നികുതി ലഭിച്ചിരുന്നില്ല. അതു സംസ്ഥാനങ്ങളെക്കൊണ്ടു പിരിച്ചെടുപ്പിച്ച് കേന്ദ്രവരുമാനം വര്‍ധിപ്പിക്കാനാണു നീക്കം. വന്‍കിട കമ്പനികള്‍ മുമ്പുതന്നെ റിട്ടേണുകള്‍ കൃത്യമായി ഫയല്‍ ചെയ്യുന്നതിനാല്‍ ആ ഇനത്തിലുള്ള നികുതി അനായാസം നേടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ