ന്യൂഡല്‍ഹി : എം.പിയെന്ന നിലയില്‍ രാജ്യസഭയില്‍ ആദ്യമായി ശബ്ദമുയര്‍ത്താന്‍ തയ്യാറായി നിന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് നിരാശ. ടുജി, നരേന്ദ്രമോഡി വിഷയങ്ങള്‍ സഭ പ്രക്ഷുബ്ധമാക്കിയതോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് സംസാരിക്കാനായില്ല. ഇതോടെ ആ കന്നിപ്രസംഗത്തിന് കാതോര്‍ത്തിരുന്ന ആരാധകരും നിരാശരായി.
'കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേളയുടെ ഭാവിയും' എന്ന വിഷയത്തെ കുറിച്ചാണ് സച്ചിന്‍ സംസാരിക്കാന്‍ തയ്യാറെടുത്തിരുന്നത്. സഭയുടെ അനുമതി തേടിയുള്ള നോട്ടീസ് സമര്‍പ്പിച്ച സച്ചിന് ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയോടെ വിഷയം അവതരിപ്പിക്കാനുള്ള അനുമതിയാണ് ലഭിച്ചിരുന്നത്. എന്നാല്‍, ടുജി, നരേന്ദ്രമോഡി വിഷയങ്ങളില്‍ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതോടെ സച്ചിന്റെ പ്രസംഗം നടക്കാതെ വരികയായിരുന്നു.
രാജ്യസഭയിലേയ്ക്ക് 2012 ലാണ് സച്ചിന്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍, സഭയിലെ സച്ചിന്റെ അസാന്നിധ്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2013 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും സഭയിലെ അസാന്നിധ്യം തുടര്‍ന്നത് വിമര്‍ശനങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെ, അംഗത്വ കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ചര്‍ച്ചയ്ക്കായി താരം ആദ്യമായി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റിലായിരുന്നു ഇതിനു മുന്‍പ് സച്ചിന്‍ സഭയില്‍ എത്തിയത്. എന്നാല്‍, അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല. സച്ചിനൊപ്പം ബോളിവുഡ് താരം രേഖയുടെയും അസാന്നിധ്യം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ