തിങ്കളാഴ്‌ച, ജനുവരി 01, 2018

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗൾഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റി ആശങ്ക സൃഷ്‌ടിക്കുന്നു. ഗൾഫിൽ നിന്നുള്ള പണമൊഴുക്കിലും ബാങ്ക്നിക്ഷേപത്തിലും യാത്രാവരുമാനത്തിലും ഒരുവർഷമായി വൻ ഇടിവുണ്ടായെന്ന് റിസർവ്വ് ബാങ്കും കേന്ദ്ര വിദേശകാര്യ അവലോകന വിഭാഗവും തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കിഫ്ബിക്ക് പണം കണ്ടെത്താനുള്ള നിർദ്ദിഷ്ട പ്രവാസിചിട്ടിക്കും ഇത് തിരിച്ചടിയായേക്കും. വർഷം 20,000 കോടിയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.2 മടങ്ങും ചെലവിന്റെ 1.5 മടങ്ങും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 37.3 ശതമാനവും ഗൾഫ് മലയാളികളുടെ പണമാണ്. അതാണ് കുറയുന്നത്. ബാങ്കുകൾക്ക് സംസ്ഥാനത്തുള്ള 6339 എൻ.ആർ. ഐ. ശാഖകളിൽ ഒരു വർഷത്തെ നിക്ഷേപവർദ്ധന 7,000 കോടിയാണ്. ഇതാകട്ടെ രൂപയുടെ മൂല്യം കുറഞ്ഞതുകൊണ്ടുള്ള വർദ്ധന മാത്രമാണ്. മുൻ വർഷം ഇത് 30,000 കോടിയായിരുന്നു.

ഗൾഫിലെ മലയാളി പോക്കറ്റുകളായിരുന്ന ബഹറിൻ, ഇറാക്ക്, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിൽ മലയാളികൾ കുറയുന്നു. സർക്കാരിന് ഇവരുടെ കൃത്യമായ കണക്കില്ല.
 തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും നിന്ന് ഗൾഫിലേക്ക് ടിക്കറ്റെടുക്കുന്ന മലയാളികളുടെ എണ്ണം കുറയുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
ഗൾഫിലേക്കുള്ള യാത്രക്കാർ 25 - 40 ശതമാനം കുറഞ്ഞെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. അവിടെ നിന്ന് വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. വരുന്ന മലയാളികൾ തിരിച്ച് പോകുന്നില്ല.
ഗൾഫ് മലയാളികൾ കൊണ്ടുവരുന്ന സാധനങ്ങളിലും നിക്ഷേപത്തിലും വൻ കുറവുണ്ട്.
മലയാളികൾ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ കുറഞ്ഞ കൂലിക്ക് ബീഹാറികളും ഉത്തർപ്രദേശുകാരും ബംഗ്ളാദേശികളും എത്തിയതാണ് കാരണം.
ഗൾഫിലെ കൂലിയിലുണ്ടായ കുറവും കാരണമാണ്.

ഗൾഫ് വരുമാനം കുറയുന്നത് സംസ്ഥാനത്ത് സാമ്പത്തിക ഇടപാടുകളിലും മൊത്തം വരുമാനത്തിലും കുത്തനെ ഇടിവുണ്ടാക്കും. സാമ്പത്തിക വളർച്ചയേയും ബാധിക്കും.
ധനമന്ത്രി ടി.എം. തോമസ് ഐസക്ക്

ഗൾഫ് മലയാളികളുടെ എണ്ണം
2014 24.2 ലക്ഷം
2016 - 22.4 ലക്ഷം
2017 - 21.2 ലക്ഷം

ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം
2015 - 1,17,349 കോടിരൂപ
2016 - 1,42 668 കോടിരൂപ
2017 - 1,54 252 കോടിരൂപ

മണി എക്സ് ചേഞ്ച്
2014 - 7,11, 420 കോടിരൂപ
2016 - 63,289 കോടിരൂപ
2017 - 59,459 കോടിരൂപ

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ